സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ നടത്തിയ സുരക്ഷാ പരിശോധനയിൽ താമസ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ച 15,000-ത്തിലധികം പേർ അറസ്റ്റിലായി. നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും നിയമലംഘകരെ സഹായിച്ചവരും പിടിയിലായവരിൽ ഉൾപ്പെടുന്നു, ഇവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
റിയാദ്: രാജ്യത്തെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി സൗദി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന സംയുക്ത ഫീൽഡ് പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 15,000-ത്തിലധികം പേർ പിടിയിലായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആകെ 15,458 നിയമലംഘകരാണ് പിടിയിലായത്. താമസ നിയമലംഘനത്തിന് 8,440 പേർ, അതിർത്തി സുരക്ഷാ നിയമലംഘനത്തിന് 4,054 പേർ, തൊഴിൽ നിയമലംഘനത്തിന് 2,964 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
അതിർത്തി കടന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1,600 പേരെയും സുരക്ഷാ സേന പിടികൂടി. ഇതിൽ 60 ശതമാനം പേർ ഇത്യോപ്യക്കാരും, 39 ശതമാനം പേർ യെമനികളും, ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി അതിർത്തി കടന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച 47 പേരും പിടിയിലായിട്ടുണ്ട്. നിയമലംഘകർക്ക് താമസം, ജോലി, യാത്രാസൗകര്യം എന്നിവ നൽകിയതിനും ഒളിവിൽ കഴിയാൻ സഹായിച്ചതിനും 30 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. നിലവിൽ 40,184 നിയമലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിൽ 35,861 പുരുഷന്മാരും 4,323 സ്ത്രീകളും ഉൾപ്പെടുന്നു.
യാത്രാ രേഖകൾ ശരിയാക്കുന്നതിനായി 22,942 പേരെ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ടിക്കറ്റ് ബുക്കിങ് നടപടികൾ പൂർത്തിയാക്കാൻ 11,221 പേരെ കൈമാറി. ഇതിനോടകം 7,392 നിയമലംഘകരെ സൗദിയിൽ നിന്നും നാടുകടത്തി. അതിർത്തി സുരക്ഷാ നിയമലംഘകർക്ക് ഏതെങ്കിലും രീതിയിലുള്ള സഹായം നൽകുന്നവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് പ്രവേശനം നൽകുകയോ, അവർക്ക് താമസ-ഗതാഗത സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യുന്നത് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, ഇതിനായി ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും കുറ്റവാളികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും.


