സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന വാദി ഹറസ്, വേനൽക്കാലത്ത് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ഉയർന്ന മലനിരകളാൽ ചുറ്റപ്പെട്ട ഈ താഴ്‌വര പച്ചപ്പും തണൽമരങ്ങളും കൊണ്ട് സമ്പന്നമാണ്, ഇത് ക്യാമ്പിംഗ്, ട്രെക്കിംഗ് തുടങ്ങിയ വിനോദങ്ങൾക്ക് അനുയോജ്യമായ ശാന്തമായ അനുഭവം നൽകുന്നു.
റിയാദ്: പച്ചപ്പിന്‍റെ കുളിർമയും മനോഹരമായ മലനിരകളുടെ ഗാംഭീര്യവുമായി സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിൽ സഞ്ചാരികളെ ആകർഷിക്കുകയാണ് വാദി ഹറസ് (ഹറസ് താഴ്വര). വേനൽക്കാലത്ത് സൗദിയിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ബദർ അൽ ജനൂബ് ഗവർണറേറ്റിന് കീഴിലുള്ള ഈ പ്രകൃതിരമണീയമായ താഴ്‌വര.

നജ്‌റാൻ നഗരത്തിന് പടിഞ്ഞാറ് മാറി ഏകദേശം 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വാദി ഹറസ്, അനുകൂലമായ കാലാവസ്ഥ കൊണ്ടും പ്രകൃതിസൗന്ദര്യം കൊണ്ടും ശ്രദ്ധേയമാണ്. ഉയർന്ന മലനിരകളാൽ ചുറ്റപ്പെട്ട താഴ്‌വരയിലുടനീളം മൃദുവായ പച്ചപ്പുല്ലുകളും അതിരുകളിൽ തൽഹ്, സിദർ തുടങ്ങിയ തണൽവൃക്ഷങ്ങളും പടർന്നുപന്തലിച്ചു നിൽക്കുന്നു. പ്രകൃതി ഒരുക്കിയ ഈ പച്ചപ്പും തണലും സന്ദർശകർക്ക് ശാന്തവും സുഖകരവുമായ അനുഭവമാണ് പ്രധാനം ചെയ്യുന്നത്.
മലനിരകൾ നൽകുന്ന സുരക്ഷിതത്വവും പ്രകൃതിദത്തമായ സ്വകാര്യതയും കാരണം കുടുംബങ്ങൾക്കും സാഹസിക പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി വാദി ഹറസ് മാറിയിട്ടുണ്ട്. ക്യാമ്പിംഗ്, ഫോട്ടോഗ്രാഫി, പ്രകൃതിപഠനം, ട്രെക്കിംഗ് എന്നിവയ്ക്ക് അനുയോജ്യമായ ഇവിടെ ദിനംപ്രതി നിരവധി സഞ്ചാരികളാണ് കുളിർമതേടി എത്തുന്നത്.


