സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ സുരക്ഷാ സേന പരിശോധന ശക്തമാക്കി. ആഗസ്റ്റ് 13 മുതൽ 19 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളിൽ 14,260-ഓളം നിയമലംഘകരെ പിടികൂടി. നിയമലംഘകർക്ക് സഹായം നൽകുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ സേന പരിശോധന ശക്തമാക്കി. രാജ്യത്തിെൻറ വിവിധ മേഖലകളിൽ ആഗസ്റ്റ് 13 മുതൽ 19 വരെയുള്ള കാലയളവിൽ വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനകളിൽ 14,260-ഓളം നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു.
പിടിയിലായവരിൽ 6,900 പേർ ഇഖാമ (താമസരേഖ) നിയമലംഘകരും, 3,982 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും, 3,378 പേർ തൊഴിൽ നിയമങ്ങൾ പാലിക്കാത്തവരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,524 പേരെയാണ് സുരക്ഷാസേന പിടികൂടിയത്. ഇവരിൽ 63 ശതമാനം പേർ ഇത്യോപ്യൻ പൗരന്മാരും 36 ശതമാനം പേർ യമൻ പൗരന്മാരുമാണ്.
അതിർത്തി വഴി സൗദിയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച 38 പേരും സുരക്ഷാ വിഭാഗത്തിെൻറ പിടിയിലായി. കൂടാതെ, നിയമലംഘകർക്ക് അനധികൃതമായി താമസസൗകര്യം ഒരുക്കുക, ഗതാഗതസൗകര്യം നൽകുക, ജോലിക്ക് നിർത്തുക, വിവരങ്ങൾ മറച്ചുവെക്കുക തുടങ്ങിയ കുറ്റങ്ങളിൽ ഏർപ്പെട്ട 42 പേരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവിൽ 31,900-ൽ അധികം അനധികൃത കുടിയേറ്റക്കാരാണ് നിയമപരമായ തുടർനടപടികൾ നേരിടുന്നത്. ഇതിൽ 29,900 പുരുഷന്മാരും 1,961 സ്ത്രീകളും ഉൾപ്പെടുന്നു. യാത്രാരേഖകൾ തയാറാക്കുന്നതിനായി 18,800 നിയമലംഘകരെ അതത് രാജ്യങ്ങളുടെ നയതന്ത്ര മിഷനുകളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
5,300 പേർ യാത്രാ ടിക്കറ്റുകൾ തയാറാക്കുന്നതിനുള്ള നടപടികളിലാണ്. ഇതിനകം 13,700 പേരുടെ നാടുകടത്തൽ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ, വാഹനങ്ങളിൽ എത്തിക്കുകയോ, അഭയം നൽകുകയോ, ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ചെയ്തുനൽകുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.


