ഒട്ടകങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നൽകി തിരികെ വരുന്നതിനിടെ മരുഭൂമിയിൽ വീണു കിടക്കുന്ന സഞ്ചിയില്‍ നിറയെ പണം കണ്ടു. കളഞ്ഞു കിട്ടിയ വൻതുക അധികൃതരെ ഏൽപ്പിച്ച് മാതൃകയായി സൗദി സഹോദരങ്ങൾ.
റിയാദ്: മരുഭൂമിയിൽ നിന്ന് വീണു കിട്ടിയ സഞ്ചിയിലെ വൻതുക അധികൃതരെ ഏല്‍പ്പിച്ച് മാതൃകയായി സൗദി സഹോദരങ്ങൾ. സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയിലെ തൈമായിലാണ് സംഭവം. തൈമായിലെ മരുഭൂമി റോഡില്‍ വെച്ചാണ് സഹോദരങ്ങളായ മുഹമ്മദ് ബഷീർ അൽ ഖദ്രി അൽ അതവിക്കും സ്വയാഹ് ബഷീർ അല്‍ ഖദ്രി അല്‍ അതവിക്കും വന്‍തുക അടങ്ങിയ തുണിസഞ്ചി വീണു കിട്ടിയത്.
ഇരുവരും ഒട്ടകങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നൽകി തിരികെ വരുന്നതിനിടെയാണ് പണം ലഭിച്ചത്. മരുഭൂമിയിൽ വീണു കിടന്ന തുണി സഞ്ചി തുറന്നു നോക്കിയപ്പോഴാണ് പണം കണ്ടത്. പണത്തിനൊപ്പം ചില മരുന്നുകളും സഞ്ചിയില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ പണം വീണു കിട്ടിയ വിവരം ഇവര്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചു. ഈ പണത്തിന്‍റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായി പരിശ്രമിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പണമടങ്ങിയ സഞ്ചി സഹോദരങ്ങള്‍ ഔദ്യോഗിക വകുപ്പുകളെ ഏല്‍പ്പിക്കുകയായിരുന്നു.


