തീ പടര്‍ന്നുപിടിച്ച വീട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടിയുടെ ജീവൻ രക്ഷിച്ച് സൗദി പൗരന്‍. അല്‍ഖര്‍ജിലെ അല്‍ഹദാ ഡിസ്ട്രിക്ടിലാണ് വീടിന് തീപിടിച്ചത്. മുഅമ്മര്‍ സഖര്‍ അല്‍റൂഖി എന്ന സൗദി പൗരനാണ് വീടിനുള്ളിൽ കുടുങ്ങിയ പെണ്‍കുട്ടിക്ക് രക്ഷകനായെത്തിയത്.

റിയാദ്: തീ പടര്‍ന്നുപിടിച്ച വീട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ സൗദി പൗരന്‍ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ചു. അല്‍ഖര്‍ജിലെ അല്‍ഹദാ ഡിസ്ട്രിക്ടിലാണ് വീടിന് തീപിടിച്ചത്. മുഅമ്മര്‍ സഖര്‍ അല്‍റൂഖി എന്ന സൗദി പൗരനാണ് വീടിനുള്ളിൽ കുടുങ്ങിയ പെണ്‍കുട്ടിക്ക് രക്ഷകനായെത്തിയത്.

അവശ്യവസ്തുക്കള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തുപോയ തന്നെ മാര്‍ഗമധ്യേ വിദേശ തൊഴിലാളി തടഞ്ഞുനിര്‍ത്തി അടിയന്തിരമായി സിവില്‍ ഡിഫന്‍സ് നമ്പര്‍ ചോദിക്കുകയായിരുന്നെന്ന് മുഅമ്മര്‍ സഖര്‍ അല്‍റൂഖി പറഞ്ഞു. തീ പടര്‍ന്നുപിടിച്ച വീടിന് മുന്നില്‍ സ്ത്രീ പരിഭ്രാന്തയായി നില്‍ക്കുന്നുണ്ടെന്നും അവരുടെ സഹോദരി വീടിനകത്ത് ഉറങ്ങുകയാണെന്നും തൊഴിലാളി പറഞ്ഞു.

തുടർന്ന് അല്‍റൂഖി വീടിനുള്ളിൽ കടക്കുകയും സുരക്ഷിതമായി പെൺകുട്ടിയെ പുറത്തെത്തിക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അല്‍റൂഖിയുടെ സംയോജിതമായ ഇടപെടൽ മൂലമാണ് പെൺകുട്ടിക്ക് കൂടുതൽ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാനായത്.