കിങ് ഫഹദ് കോസ്‌വേ വഴി എത്തിയ ഒരു വാഹനത്തിന്റെ സ്പെയർ ടയർ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 2,09,759 ഗുളികകൾ ആദ്യ ശ്രമത്തിൽ കണ്ടെത്തിയതായി സാറ്റ്ക വക്താവ് ഹമൗദ് അൽഹർബി പറഞ്ഞു.

റിയാദ്: രാജ്യത്തേക്ക് 3,01,325 കാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) പിടിച്ചെടുത്തു. ജോർദാനിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്ന അൽഹദീത അതിർത്തി ചെക്ക് പോസ്റ്റ്, ബഹ്‌റൈനിൽ നിന്നും സൗദിയിലേക്കുള്ള ദമ്മാം കിങ് ഫഹദ് കോസ്‌വേ എന്നിവയിലൂടെ രാജ്യത്തേക്ക് ഗുളികകൾ കടത്താനാണ് ശ്രമം നടന്നത്.

കിങ് ഫഹദ് കോസ്‌വേ വഴി എത്തിയ ഒരു വാഹനത്തിന്റെ സ്പെയർ ടയർ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 2,09,759 ഗുളികകൾ ആദ്യ ശ്രമത്തിൽ കണ്ടെത്തിയതായി സാറ്റ്ക വക്താവ് ഹമൗദ് അൽഹർബി പറഞ്ഞു. രണ്ടാമത്തെ കേസിൽ അൽഹദീത അതിർത്തി ക്രോസിംഗിൽ ഒരു ബസിന്റെ ചില ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ 91,566 ഗുളികകലും കണ്ടെത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സാറ്റ്ക ഏകോപിപ്പിച്ചു സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികളെ പിടികൂടി അറസ്റ്റ് ചെയ്തു.

സുരക്ഷ വർധിപ്പിക്കുന്നതിനും മയക്കുമരുന്നുകളുടെയും മറ്റ് നിരോധിത വസ്തുക്കളുടെയും അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള തന്ത്രത്തിന് അനുസൃതമായി കള്ളക്കടത്ത് ശൃംഖലകൾക്കെതിരെ അതോറിറ്റി ഉറച്ചുനിൽക്കുന്നതായും ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതായും അൽഹർബി സ്ഥിരീകരിച്ചു.