റിയാദ് നഗരത്തിലെ 22 സ്റ്റേഡിയങ്ങളിലായാണ് ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് പാരാലിമ്പിക് ഇനങ്ങളുൾപ്പടെ 45 കായിക ഇനങ്ങളിൽ നടക്കുന്ന 180 മത്സരങ്ങളിൽ 6,000-ലധികം പുരുഷ-വനിതാ അത്‍ലറ്റുകളാണ് പങ്കെടുക്കുന്നത്.

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ ഗെയിംസിന് റിയാദിൽ തുടക്കം. റിയാദ് ബഗ്ലഫിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തു. ആറായിരത്തിലധികം കായിക താരങ്ങളും 2,000 സാങ്കേതിക വിദഗ്ധരും അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർമാരും ഗെയിംസില്‍ പങ്കെടുക്കുന്നു. കായിക മന്ത്രിയും സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റി ചെയർമാനും ഗെയിംസ് സംഘാടക സമിതി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ഗെയിംസിനെ കുറിച്ച് വിശദീകരിച്ചു.

ആറായിരത്തിലധികം പുരുഷ-വനിതാ കായിക താരങ്ങൾക്ക് മത്സരിക്കാനും അവരുടെ പ്രതിഭ മാറ്റുരക്കാനുമുള്ള സുവർണാവസരമാണ് കിരീടാവകാശി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സൗദി ഗെയിംസിന്റെ ആദ്യ പതിപ്പിൽ ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 200-ലധികം സൗദി ക്ലബ്ബുകളെ പ്രതിനിധീകരിച്ചാണ് ഇത്രയധികം കായികതാരങ്ങൾ 40 കായിക ഇനങ്ങളിലായി മത്സരിക്കുന്നത്. ഇതിന് പുറമെ വിഭിന്നശേഷിക്കാരുടെ പാരാലിമ്പിക്‌സിൽ അഞ്ച് കായിക ഇനങ്ങളിലാണ് മത്സരം നടക്കുന്നതെന്നും കായിക മന്ത്രി വിശദീകരിച്ചു.

റിയാദ് നഗരത്തിലെ 22 സ്റ്റേഡിയങ്ങളിലായാണ് ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. അഞ്ച് പാരാലിമ്പിക് ഇനങ്ങളുൾപ്പടെ 45 കായിക ഇനങ്ങളിൽ നടക്കുന്ന 180 മത്സരങ്ങളിൽ 6,000-ലധികം പുരുഷ-വനിതാ അത്‍ലറ്റുകളാണ് പങ്കെടുക്കുന്നത്. ആകെ 20 കോടി റിയാൽ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓരോ ഇനത്തിലെയും സ്വർണ മെഡൽ ജേതാവിന് 10 റിയാലാണ് സമ്മാനം. വെള്ളി മെഡലിന് മൂന്ന് ലക്ഷം റിയാലും വെങ്കലം മെഡലിന് ഒരു ലക്ഷം റിയാലുമാണ് സമ്മാനം. 

Read also: സൗദി അറേബ്യയില്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ച്ചക്കിടെ 10,034 പ്രവാസികളെ നാടുകടത്തി