പ്രവാസികള്‍ ശ്രദ്ധിക്കുക; ബാച്ച്ലര്‍ റൂമുകളില്‍ അധികൃതരുടെ പരിശോധന
അണുനാശിനികളുമായി എത്തുന്ന ബലദിയ സംഘമാണ് പരിശോധന നടത്തുന്നത്. ബാച്ച്ലര്‍ മുറികളിലാണ് അകത്തുകയറിയുള്ള പരിശോധന.

റിയാദ്: ജിദ്ദയിലെ ബാച്ച്ലര്‍ മുറികളിലും ഫ്ലാറ്റുകളിലും ബലദിയ അധികൃതരുടെ ശുചിത്വ പരിശോധന. മുറികളുടെ ബാത്ത് റൂമുകളും അടുക്കളകളും പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ശുചിത്വമില്ലായ്മ തുടര്‍ന്നാല്‍ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്. കഴിഞ്ഞ ദിവസം ജിദ്ദയിലെ വിവിധ ഡിസ്ട്രിക്ടുകളിലെ വീടുകളില്‍ ഇത്തരത്തിലുള്ള പരിശോധനാ സംഘമെത്തി.
അണുനാശിനികളുമായി എത്തുന്ന ബലദിയ സംഘമാണ് പരിശോധന നടത്തുന്നത്. ബാച്ച്ലര്‍ മുറികളിലാണ് അകത്തുകയറിയുള്ള പരിശോധന. കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വീടിന് പുറത്തുനിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് ഉപദേശിക്കുകയുമാണ് ചെയ്യുന്നത്. ബാച്ച്ലര്‍മാരുടെ താമസ സ്ഥലങ്ങളില്‍ അടുക്കളകളിലും ബാത്ത്റൂമുകളിലും പരിശോധന നടത്തുകയും സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന് ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. അടുക്കളയില്‍ പ്രാണികളുടെ സാന്നിദ്ധ്യവും പരിശോധിക്കുന്നുണ്ട്. വിവരങ്ങള്‍ അധികൃതര്‍ രേഖപ്പെടുത്തും. വൃത്തിയില്ലായ്‍മ തുടര്‍ന്നാല്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ആദ്യ ഘട്ടത്തില്‍ നല്‍കുന്നു. ആരോഗ്യകരമായ താമസം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ജിദ്ദയിലെ ബലദിയ അധികൃതര്‍ പറഞ്ഞു.