ഗുണനിലവാരമില്ലാത്ത നെറ്റ് വർക്ക് ബൂസ്റ്റർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ, സമീപവാസികൾക്ക് ലഭിക്കുന്ന മൊബൈൽ കമ്മ്യൂണിക്കേഷൻ സേവന നിലവാരം മോശമാകും. അതിനാൽ ടെലികോം ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി സി.ഐ.ടി.സി വെബ്‍സൈറ്റ് വഴി ലൈസൻസ് നേടണമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.
റിയാദ്: സൗദി അറേബ്യയിൽ ടെലികോം ഉപകരണങ്ങൾ ലൈസൻസില്ലാതെ വിറ്റാൽ കടുത്ത നടപടി. ടെലികോം ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു. വ്യാപകമായ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. അനധികൃതവും വ്യാജവുമായ ഉത്പന്നങ്ങൾ തങ്ങൾ വിൽക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ഇത്തരം വാണിജ്യ സ്ഥാപനങ്ങൾക്ക് അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന ആരംഭിച്ചത്.
ടെലികോം ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ 60 ദിവസമായിരുന്നു സമയം അനുവദിച്ചിരുന്നത്. ജൂലൈ 5ന് ഈ സമയം അവസാനിച്ചതോടെ രാജ്യവ്യാപകമായി ശക്തമായ പരിശോധനകള്‍ ആരംഭിച്ചു. നിയമവിരുദ്ധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്ത നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അഥവാ സി.ഐ.ടി.സി യാണ് ഇക്കാര്യം അറിയിച്ചത്.
ഗുണനിലവാരമില്ലാത്ത നെറ്റ് വർക്ക് ബൂസ്റ്റർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ, സമീപവാസികൾക്ക് ലഭിക്കുന്ന മൊബൈൽ കമ്മ്യൂണിക്കേഷൻ സേവന നിലവാരം മോശമാകും. അതിനാൽ ടെലികോം ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനായി സി.ഐ.ടി.സി വെബ്‍സൈറ്റ് വഴി ലൈസൻസ് നേടണമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. ഇത് ലംഘിച്ച് വിൽപ്പന നടത്തിയ നിരവധി ഉപകരണങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. നിയമവിരുദ്ധ ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് രണ്ടര കോടി റിയാൽ വരെ പിഴ ചുമത്താൻ ടെലികോം നിയമം അനുശാസിക്കുന്നുണ്ട്.
