രാജ്യം കൈവരിച്ച നേട്ടങ്ങൾക്കും ദേശീയ ഐക്യത്തിനും ദൈവത്തിന് നന്ദിയുണ്ടെന്ന് സൽമാൻ രാജാവ് കുറിച്ചു. തന്റെ 'എക്‌സ്' അക്കൗണ്ടിലൂടെയാണ് രാജാവ് സന്ദേശം നൽകിയത്.

റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, രാജ്യത്തിന്‍റെ നേട്ടങ്ങളിലും ഇസ്‌ലാമിക നിയമത്തിലും നീതിയിലും അധിഷ്ഠിതമായ ദേശീയ ഐക്യത്തിലും അഭിമാനം പ്രകടിപ്പിച്ച് സൽമാൻ രാജാവ്. തന്റെ 'എക്‌സ്' അക്കൗണ്ടിലൂടെയാണ് രാജാവ് ഈ സന്ദേശം നൽകിയത്.

'നമ്മുടെ ദേശീയ ദിന വാർഷികത്തിൽ, നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കൈവരിച്ച നേട്ടങ്ങൾക്കും ഇസ്‌ലാമിക നിയമത്തിലും നീതിയിലും അധിഷ്ഠിതമായ ദേശീയ ഐക്യത്തിനും നാം ദൈവത്തിന് നന്ദി പറയുന്നു' എന്ന് സൽമാൻ രാജാവ് എക്‌സിൽ കുറിച്ചു. 'നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയാണ്' എന്ന മുദ്രാവാക്യത്തിലാണ് സൗദി അറേബ്യ ഈ വർഷം ദേശീയ ദിനം ആഘോഷിച്ചത്. രാജ്യവും പൗരന്മാരും തമ്മിലുള്ള ആഴമായ ബന്ധം, ദേശീയ സ്വത്വം ഊട്ടിയുറപ്പിക്കൽ, അഭിമാനബോധം വർധിപ്പിക്കൽ തുടങ്ങിയവയാണ് ദേശീയ ദിന ആഘോഷത്തിൽ പ്രതിഫലിപ്പിക്കുന്നത്.