സൗദിയില്‍ എല്ലാ രൂപത്തിലുമുള്ള നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കാനാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജന ദേശീയ നയത്തിലൂടെ ലക്ഷ്യമിടുന്നത്.

റിയാദ്: നിര്‍ബന്ധിപ്പിച്ച് പണിയെടുപ്പിക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ദേശീയ തൊഴില്‍ നയം നടപ്പാക്കുന്നു. രാജ്യത്ത് തൊഴിലാളി ചൂഷണം തടയുന്നതിനാണിത്. കരടു ദേശീയ നയം തയാറാക്കി മന്ത്രാലയം പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ (ഇസ്തിത്ലാഅ്) പ്ലാറ്റ്ഫോമില്‍ പരസ്യപ്പെടുത്തി.

സൗദിയില്‍ എല്ലാ രൂപത്തിലുമുള്ള നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കാനാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജന ദേശീയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്താനും എല്ലാതരം നിര്‍ബന്ധിത തൊഴിലുകളും ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന, 2014 ല്‍ സൗദി അറേബ്യ ഒപ്പുവെച്ച പ്രോട്ടോകോള്‍ പ്രകാരമുള്ള ബാധ്യതകള്‍ നടപ്പാക്കാന്‍ ശ്രമിച്ചാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജനത്തിനുള്ള കരടു ദേശീയ നയം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തയാറാക്കിയത്.

സൗദി അറേബ്യയിൽ റോഡ് സൈഡിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകരുതെന്ന് അധികൃതരുടെ നിര്‍ദേശം

എല്ലാതരം നിര്‍ബന്ധിത തൊഴിലുകളും ഫലപ്രദമായി ഇല്ലാതാക്കുക, പ്രതിരോധ, സംരക്ഷണ നടപടികള്‍ക്ക് ഊന്നല്‍ നല്‍കുക, നീതി നടപ്പാക്കുക, യാതൊരുവിധ വിവേചനങ്ങളും കൂടാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ എല്ലാവര്‍ക്കും മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു ദേശീയ ചട്ടക്കൂട് തയാറാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ ശാരീരിക, മാനസിക ആരോഗ്യം കണക്കിലെടുത്ത് സുരക്ഷിതമായ സാഹചര്യത്തിലും ആകര്‍ഷകമായ വേതനത്തോടെയും എല്ലാവര്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കല്‍ ദേശീയ നയത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെടുന്നു.

കേടായ മാംസം സൂക്ഷിച്ചതിന് പിടിയിലായ പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും ആജീവനാന്ത വിലക്കും

തൊഴിലാളികള്‍ക്കിടയില്‍ സമത്വം കാണിക്കല്‍, വിവേചനം കാണിക്കാതിരിക്കല്‍, ഇരകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കല്‍, നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജന ദേശീയ നയം നടപ്പാക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ പരസ്പര സംയോജനത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ സമീപനം എന്നിവയും ദേശീയ നയത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്.