കുവൈത്തിൽ ശക്തമായ സുരക്ഷ ട്രാഫിക് ക്യാമ്പയിൻ. നിയമലംഘകരായ നിരവധി പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് തിരയുന്ന 12 വാഹനങ്ങൾ കണ്ടെത്തി. മോഷ്ടിച്ച ഒരു മോട്ടോർ സൈക്കിൾ കണ്ടെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മാരിടൈം ഏരിയയിൽ (അൽ-ഖൈറാൻ) വിപുലമായ സുരക്ഷാ-ട്രാഫിക് ക്യാമ്പയിൻ. പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെയും ഗതാഗത നിയമങ്ങൾ ഉറപ്പുവരുത്തുന്നതിന്‍റെയും ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് വെള്ളിയാഴ്ചയാണ് സുരക്ഷാ-ട്രാഫിക് ക്യാമ്പയിന്‍ നടത്തിയത്. എമർജൻസി പൊലീസ് അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹെംലാൻ ഹാദിരി അൽ-ഹെംലാന്‍റെ നേതൃത്വത്തിൽ എല്ലാ ഫീൽഡ് ഡിപ്പാർട്ട്‌മെന്‍റുകളുടെയും സജീവ പങ്കാളിത്തത്തോടെയായിരുന്നു ഈ പരിശോധന.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, നിയമലംഘകരെ പിടികൂടുക, പ്രശസ്തമായ ഈ തീരദേശ മേഖലയിൽ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഈ പരിശോധയുടെ ലക്ഷ്യം. മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് തിരയുന്ന 12 വാഹനങ്ങൾ കണ്ടെത്തി. മോഷ്ടിച്ച ഒരു മോട്ടോർ സൈക്കിൾ കണ്ടെടുത്തു.

പരിശോധനയിൽ റെസിഡൻസി കാലാവധി കഴിഞ്ഞ ആറ് നിയമലംഘകരെ അറസ്റ്റ് ചെയ്തു. വിവിധ കുറ്റകൃത്യങ്ങൾക്ക് 5 കേസുകളിലെ പ്രതികളെയും പിടികൂടി. തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടിയ 9 വ്യക്തികളെ റിപ്പോർട്ട് ചെയ്തു. തിരിച്ചറിയൽ രേഖ ഇല്ലാത്ത ഏഴ് വ്യക്തികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. 349 വിവിധതരം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.