അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ഓരോ ദിവസവും നിരവധിപ്പേരാണ് അധികൃതരുടെ പിടിയിലാവുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി വ്യാപക പരിശോധന തുടരുന്നു. ശുവൈഖിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 62 പ്രവാസികളാണ് അറസ്റ്റിലായത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ഓരോ ദിവസവും നിരവധിപ്പേരാണ് അധികൃതരുടെ പിടിയിലാവുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും പിടിയിലായിട്ടുണ്ട്. പരിശോധനകളില്‍ പിടിക്കപ്പെടുന്നവരെ പിന്നീട് കുവൈത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയാണ് ചെയ്യുന്നത്.
നേരത്തെ കൊവിഡ് പ്രതിസന്ധി കാരണം വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്ന സമയത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചിരുന്നു. ആ സമയത്ത് രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കാനുള്ള അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി നീങ്ങി വിമാനത്താവളങ്ങള്‍ തുറന്നത് മുതല്‍ ശക്തമായ പരിശോധനയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇതിനോടകം തന്നെ പിടികൂടി നാടുകടത്തുകയും ചെയ്‍തു.
