താമസ നിയമങ്ങള്‍ ലംഘിച്ച നാല് പേരെയും പരിശോധനാ വേളയില്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാതിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്‍തിട്ടുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താനായി നടത്തുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഹവല്ലിയില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.

താമസ നിയമങ്ങള്‍ ലംഘിച്ച നാല് പേരെയും പരിശോധനാ വേളയില്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാതിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്‍തിട്ടുണ്ട്. രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താനായാണ് വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

അതേസമയം നിയമങ്ങള്‍ക്ക് വിരുദ്ധമായി ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നല്‍കിയിരുന്ന ഒരു സ്ഥാപനം ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാര്‍ക്കും നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്കും ഇവിടെ അഭയം നല്‍കിയതായി കണ്ടെത്തി. നാല് പ്രവാസി വനിതകളെ ഇവിടെ നിന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പിടികൂടി. പിടിയിലായ എല്ലാവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.