നീല സൂചനാ ബോര്‍ഡുള്ള പാര്‍ക്കിങ് സോണുകളില്‍ നിരക്ക് ഈടാക്കുന്നത് തുടരും.
ഷാര്‍ജ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്‌റിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങ് സൗജന്യമായിരിക്കും. എന്നാല്‍ നീല സൂചനാ ബോര്‍ഡുള്ള പാര്‍ക്കിങ് സോണുകളില്‍ നിരക്ക് ഈടാക്കുന്നത് തുടരും. നിയമലംഘകരെ കണ്ടെത്താന്‍ അവധി ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സഈദ് അല്‍ തുനൈജി പറഞ്ഞു.
Read Also - യുഎഇയില്‍ സവാള വില കുറയും; കയറ്റുമതിക്ക് അനുമതി നല്‍കി ഇന്ത്യ
അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളും സൗജന്യമായിരിക്കും.
റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പാര്‍ക്കിങ് ഫീസ് ശവ്വാല്‍ 4ന് പുനരാരംഭിക്കുമെന്നും അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു. പെരുന്നാള്‍ ഈ മാസം 10ന് ആണെങ്കില്‍ ഏപ്രില്‍ എട്ട് മുതല്‍ 12 വരെ പാര്‍ക്കിങ് നിരക്കുകള്‍ ഈടാക്കില്ല. ദുബൈയില്‍ ഞായറാഴ്ചകളില്‍ പാര്‍ക്കിങ് സൗജന്യമായതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി ആറ് ദിവസത്തെ സൗജന്യ പാര്‍ക്കിങ് ലഭിക്കും. എന്നാല്‍ 9ന് പെരുന്നാള്‍ ആണെങ്കില്‍ പാര്‍ക്കിങ് അഞ്ച് ദിവസം മാത്രമെ സൗജന്യമായി ലഭിക്കൂ.
