വരും ദിവസങ്ങളില്‍ ബാപ്‍സ് ഹിന്ദു ക്ഷേത്രത്തിലും വിശ്വാസികളുടെ വീടുകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമെന്ന് ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ഥ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അബുദാബി ഹിന്ദു ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. 'ഞങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ വിയോഗത്തിന്റെ വേദന നിറഞ്ഞ നിമിഷത്തില്‍ രാജകുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി' ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ഥ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
'സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും കേന്ദ്രമാകാനും സഹിഷ്‍ണുതയുടെയും ഐക്യത്തിന്റെയും ദീപസ്‍തംഭമായി മാറാനും ശൈഖ് ഖലീഫയുടെ നേതൃത്വത്തിലൂടെ രാജ്യത്തിന് സാധിച്ചു. വരും ദിവസങ്ങളില്‍ ബാപ്‍സ് ഹിന്ദു ക്ഷേത്രത്തിലും വിശ്വാസികളുടെ വീടുകളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമെന്നും' പ്രസ്‍താവനയില്‍ പറയുന്നു.
ഇന്ത്യൻ ജനത ഒപ്പമുണ്ട്, യുഎഇ പ്രസിഡന്‍റിന്‍റെ വേർപാടിൽ 'അഗാധ ദുഃഖം' അറിയിച്ച് പ്രധാനമന്ത്രി
യു എ ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധ ദുഃഖം രേഖപ്പെടുത്തി. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്ത്യ - യു എ ഇ ബന്ധം അഭിവൃദ്ധി പ്രാപിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവായിരുന്നെന്ന് മോദി ഓർമ്മിപ്പിച്ചു. ഇന്ത്യൻ ജനതയുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ മോദി യുഎഇയിലെ ജനങ്ങൾക്കൊപ്പം വേദനയിൽ പങ്കുചേരുന്നുവെന്നും കുറിച്ചു.
'എന്നും കേരളത്തിന്‍റെ സുഹൃത്ത്, പ്രളയ കാലത്തെ സഹായ ഹസ്തം'; വലിയ നഷ്ടമെന്നും മുഖ്യമന്ത്രി
യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അന്തരിച്ചത്. 73 വയസായിരുന്നു. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. രാഷ്ട്രത്തലവൻ്റെ മരണത്തെ തുടര്‍ന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.
