ബാല്യകാലത്തെ അപൂർവമായൊരു ചിത്രം ഇദ്ദേഹത്തിന്‍റെ സഹോദരിയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്. വളരെ വേഗം തന്നെ ചിത്രം വൈറലായി.
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ 45-ാം പിറന്നാളാണ് ഇന്ന്. അമീറിന്റെ പിറന്നാൾ ദിനത്തിൽ പ്രിയ സഹോദരന് ആശംസ നേർന്നുകൊണ്ട് ബാല്യകാലത്തെ അപൂർവമായൊരു ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സഹോദരിയും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സനുമായ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി. 'ഞങ്ങളെ മുന്നോട്ട് നയിക്കൂ..’എന്ന അടിക്കൂറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
ഒരു ചുവന്ന കളിപ്പാട്ട കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഷെയ്ഖ അൽ മയാസക്കൊപ്പം അമീറും ഇരിക്കുന്ന ബാല്യ കാല ചിത്രം പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടു തന്നെ വൈറൽ ആയി കഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ പതിനായിരങ്ങളാണ് ലൈക്കും ഷെയറുമായി എത്തിയത്. ‘ഈ ചിത്രം ഇഷ്ടമായി’എന്ന കമന്റുമായി ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമും എത്തി. ജൂൺ മൂന്നിനാണ് അമീറിന്റെ ജന്മദിനം. നിരവധി പേരാണ് പ്രാർഥനകളും സ്നേഹവും പങ്കുവെച്ച് അമീറിന് ആശംസ നേരുന്നത്. ഫിഫ ലോകകപ്പ് ഫുട്ബാൾ വേളയിൽ പകർത്തിയ മറ്റൊരു ചിത്രവും ഇതിനോടൊപ്പം ശൈഖ മയാസ പങ്കുവെച്ചിട്ടുണ്ട്.


