ആഗസ്റ്റ് 24ന് പുലര്‍ച്ചെ ഉദിക്കുന്ന സുഹൈല്‍ നക്ഷത്രം 52 ദിവസം നീണ്ടുനില്‍ക്കും. ഈ ദിവസങ്ങളിൽ ചൂടിന്റെ തീവ്രത ക്രമേണ കുറയും.

ദോഹ: ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലും ആഗസ്റ്റ്‌ 24 ന് സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ ഖത്തറിലും മിക്ക ജിസിസി രാജ്യങ്ങളിലും കാലാവസ്ഥയില്‍ നേരിയ മാറ്റമുണ്ടാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. കാലാവസ്ഥ ക്രമേണ മിതമാകുന്നതിന്റെയും, വേനൽ അവസാനിക്കുന്നതിന്റെയും, ചൂട് കുറയുന്നതിന്റെയും മഴയുടെ സാധ്യത തുടങ്ങിയ കാലാനുസൃതമായ മാറ്റത്തിന്റെയും സൂചനയായാണ് സുഹൈൽ നക്ഷത്രത്തിന്റെ വരവ് പരമ്പരാഗതമായി കണക്കാക്കുന്നത്.

ആഗസ്റ്റ് 24ന് പുലര്‍ച്ചെ ഉദിക്കുന്ന സുഹൈല്‍ നക്ഷത്രം 52 ദിവസം നീണ്ടുനില്‍ക്കും. ഈ ദിവസങ്ങളിൽ ചൂടിന്റെ തീവ്രത ക്രമേണ കുറയും. പകലിന് ദൈര്‍ഘ്യം കുറയുമെന്നും രാത്രിക്ക്‌ ദൈര്‍ഘ്യമേറുമെന്നും വിദഗ്ദര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ഖത്തറിലുള്ളവര്‍ക്ക് തെക്കന്‍ ചക്രവാളത്തിൽ നഗ്‌നനേത്രങ്ങള്‍ കൊണ്ട് സുഹൈൽ നക്ഷത്രം കാണാന്‍ കഴിയുമെന്ന് ഖത്തർ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധനായ ഡോ. ബഷീർ മർസൂക്ക് വ്യക്തമാക്കി. കരീന നക്ഷത്രസമൂഹത്തിലെ (മുമ്പ് ആർഗോ നാവിസിന്റെ ഭാഗമായിരുന്നു) ഒരു വെളുത്ത ഭീമൻ നക്ഷത്രമാണ് സുഹൈൽ. സിറിയസിന് ശേഷം രാത്രി ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണിത്. ഭൂമിയിൽ നിന്ന് ഏകദേശം 310 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അറബ് പാരമ്പര്യത്തിൽ, തെക്കൻ ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിനാൽ ഇതിനെ സുഹൈൽ അൽ-യമാനി എന്നും വിളിക്കുന്നു. അറേബ്യൻ ഉപദ്വീപിലുടനീളം നൂറ്റാണ്ടുകളായി സാംസ്കാരികവും കാലാവസ്ഥാപരവുമായ പ്രാധാന്യം സുഹൈലിന്റെ ഉദയത്തിനുണ്ട്.