ദുബായ്: അജ്ഞാത ഡ്രോണുകളുടെ സാന്നിദ്ധ്യം സംശയിക്കപ്പെട്ടതിനാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച 15 മിനിറ്റ് അടച്ചിട്ടു. വിമാനത്താവളത്തിന് സമീപത്തുള്ള വ്യോമാതിര്‍ത്തിയില്‍ ഡ്രോണുകള്‍ പ്രവേശിച്ചതായ സംശയത്തിന്റെ പേരില്‍ ഉച്ചയ്ക്ക് 12.36 മുതല്‍ 12.51 വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയായിരുന്നുവെന്ന് എമിറേറ്റ്സ് വക്താവ് പറഞ്ഞു.

ഈ സമയം ദുബായില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ട് എമിറേറ്റ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ബ്രിസ്ബേനില്‍ നിന്ന് സിംഗപ്പൂര്‍ വഴി ദുബായിലെത്തേണ്ടിയിരുന്ന ഇ.കെ 433 വിമാനം ദുബായ് വേള്‍ഡ് സെന്‍ട്രല്‍  വിമാനത്താവളത്തിലിറക്കി. ദില്ലിയില്‍ നിന്നുള്ള ഇ.കെ 511 വിമാനം ഷാര്‍ജയിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളം തുറന്ന് സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലായപ്പോള്‍ ഇരുവിമാനങ്ങളും തിരികെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. ഈ വിമാനങ്ങളില്‍ വന്നവരുടെ തുടര്‍യാത്രയും ആവശ്യമായവര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യങ്ങളും എമിറേറ്റ്സ് സജ്ജീകരിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നതായും എന്നാല്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.