സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഒമ്പത് പേരും വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്ന ഒരാളുമാണ് അറസ്റ്റിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 10 പ്രവാസികള്‍ പിടിയിലായി. വിവിധ രാജ്യക്കാരെയാണ് റെസിഡന്‍സ് നിയമം ലംഘിച്ചതിന് പിടിയിലായത്. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഒമ്പത് പേരും വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്ന ഒരാളുമാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ശക്തമായ പരിശോധനകളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയുമൊക്കെ പിടികൂടുകയാണ്. 

പ്രവാസികളുടെ താമസ സ്ഥലത്തു നിന്ന് മദ്യം ശേഖരം പിടികൂടി

കഴിഞ്ഞ ദിവസം കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദേശികളെ കണ്ടെത്താനായി രാജ്യവ്യാപകമായി നടന്നുവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

കഴിഞ്ഞയാഴ്ചയും കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഒന്‍പത് പേരെ അറസ്റ്റ് ചെയ്‍തിരുന്നു. എട്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഏഴ് പേരെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ നിന്നും ഒരാളെ സാല്‍മിയയില്‍ നിന്നുമാണ് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ കേസില്‍ 25 പ്രവാസികളും കുവൈത്തില്‍ പിടിയിലായി. 

കുവൈത്തിൽ തൊഴിലുടമ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ ഉടന്‍ തന്നെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി അവിടെ നിന്ന് നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കില്ല. കൂടാതെ നിശ്ചിത കാലയളവിലേക്ക് എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും പ്രവേശന വിലക്കും ഏര്‍പ്പെടുത്തും.