ലുസൈലിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് ദോഹ നറുക്കെടുപ്പിന് വേദിയാകും
ദോഹ: ഖത്തര്‍ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും ഫിഫ അറബ് കപ്പിന്റെയും നറുക്കെടുപ്പ് മേയ് 25ന് ദോഹയിൽ നടക്കും. ലുസൈലിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് ദോഹ നറുക്കെടുപ്പിന് വേദിയാകും. ലോകഫുട്ബോളിലെ ഇതിഹാസങ്ങളുടെ സാന്നിധ്യത്തിലാകും നറുക്കെടുപ്പ് നടക്കുക. ടൂർണമെന്റിന് യോഗ്യത നേടിയ ടീമുകളുടെ പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കൗമാര ലോകകപ്പിനും അറബ് കപ്പിനും ഖത്തര്‍ ആതിഥ്യമൊരുക്കുന്നത്.
ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങൾ നവംബര്‍ മൂന്ന് മുതല്‍ 27 വരെ നടക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളായി തിരിച്ചാവും നറുക്കെടുപ്പ്. ഓരോ ഗ്രൂപ്പിലും നാല് ടീമുകൾ എന്ന നിലയിൽ 12 ഗ്രൂപ്പുകളിലായാവും ടീമുകളെ വിന്യസിക്കുന്നത്.
ഡിസംബർ 1 മുതൽ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പിൽ 16 ടീമുകൾ പങ്കെടുക്കും. നിലവിലെ ചാമ്പ്യന്മാരായ അൾജീരിയയും ആതിഥേയരായ ഖത്തറും ഉൾപ്പെടെ ഫിഫ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടീമുകൾ ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന ഏഴ് ടീമുകളെ നവംബറിൽ നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങളിലൂടെ നിർണ്ണയിക്കും. അറബ് കപ്പിന്റെ കലാശപ്പോര് ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് നടക്കുന്നത്.


