തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ശിആർ ചുരം പർവത പ്രദേശമായ അസീർ മേഖലയിലെ വിവിധ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്.
റിയാദ്: ഈ മാസം ആദ്യം നിരവധി ഉംറ തീർഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടം നടന്ന അബഹയിലെ ശിആർ ചുരം അറ്റകുറ്റപണികൾക്കായി ഭാഗികമായി അടച്ചു. ചെറിയ വാഹനങ്ങളെ മുഴുവൻ തടയും. വലിയ ട്രക്കുകളെ മാത്രം പകൽ നിശ്ചിത സമയത്തേക്ക് അനുവദിക്കും. ബുധനാഴ്ച മുതൽ നാല് മാസത്തേക്കാണ് അടച്ചതെന്ന് സൗദി റോഡ്സ് അതോറിറ്റി അറിയിച്ചു.
തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ശിആർ ചുരം പർവത പ്രദേശമായ അസീർ മേഖലയിലെ വിവിധ ഗവർണറേറ്റുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. കൂടാതെ നജ്‌റാൻ, റിയാദ്, അസീറിന്റെ തീരദേശ ഗവർണറേറ്റുകൾ, ജീസാൻ, അൽബാഹ, മക്ക മേഖല എന്നിവയേയും ഈ പാത ബന്ധിപ്പിക്കുന്നുണ്ട്. ദിവസവും നിരവധി വാഹനങ്ങളാണ് ഇത് വഴി കടന്നുപോകുന്നത്. ചെറിയ വാഹനങ്ങളെ പൂർണമായും തടഞ്ഞിരിക്കുകയാണ്. ദലഅ്, ജഅ്ദ, തൗഹീദ്, സമാഅ് എന്നീ ചുരം റോഡുകൾ ഇത്തരം വാഹനങ്ങൾക്ക് ബദൽ റൂട്ടുകളായി നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ട്രക്കുകൾക്ക് ശിആർ ചുരത്തിലൂടെ കടന്നുപോകാം. എന്നാൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ പാത പൂർണമായും അടച്ചിടും. ചുരത്തിലെ സുരക്ഷാ നിലവാരം ഉയർത്തുക, റോഡ് മികച്ചതാക്കുക, മേഖലയിലെ ടൂറിസം മുന്നേറ്റം സാധ്യമാക്കുക എന്നിവയാണ് അറ്റകുറ്റപണികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ശിആർ ചുരത്തിൽവെച്ച് അന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തിയ ബസിലുണ്ടായിരുന്ന വിവിധ രാജ്യക്കാരായ 21 പേരാണ് മരിച്ചത്. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read also: 60 ദിര്‍ഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രവാസി അറസ്റ്റില്‍
