വിദേശത്ത് നിന്ന് മടങ്ങിയെത്തിയ നാല് പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
ദോഹ: ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ (Omicron) ഖത്തറില്‍ സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഖത്തര്‍ (Qatar) പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്.
രോഗബാധ സ്ഥിരീകരിച്ച നാല് പേരില്‍ മൂന്ന് പേരും രണ്ട് ഡോസ് വാക്സിനെടുത്തവരാണ്. ഇവര്‍ ആറ് മാസം മുമ്പ് രണ്ടാം ഡോസ് വാക്സിനെടുത്തവരുമാണ്. രോഗികളില്‍ ഒരാള്‍ വാക്സിന്‍ സ്വീകരിച്ചിട്ടില്ല. നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ആര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‍നങ്ങളില്ലാത്തതിനാല്‍ ഇവരില്‍ ആരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ല, പകരം ക്വാറന്റീന്‍ കേന്ദ്രത്തിലാണ് ഇവര്‍ കഴിയുന്നത്.
അതേസമയം ഖത്തറില്‍ ഇന്ന് 179 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 28 പേര്‍ക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തിയപ്പോഴും രോഗം സ്ഥിരീകരിച്ചതാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 197 കൊവിഡ് രോഗികള്‍ രോഗമുക്തരാവുകയും ചെയ്‍തു. പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നിലവില്‍ 2338 കൊവിഡ് രോഗികളാണ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 10 പേര്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളത്. അതേസമയം രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം ഫലപ്രദമായി ചെറുക്കാന്‍ ആവശ്യമായ എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
