Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നാട്ടില്‍ നിന്ന് എത്തിച്ച് പെണ്‍വാണിഭം; മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

 ദുബൈ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വേഷം മാറി സംഘത്തെ സമീപിച്ചു. പെണ്‍കുട്ടി ജോലി ചെയ്യുന്ന ഹോട്ടലിലെത്തിയ ഇയാള്‍ സംഘത്തിലെ പ്രധാനിയോട് പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടുവെന്ന് അറിയിക്കുകയായിരുന്നു. 3000 ദിര്‍ഹമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. 

Three expats jailed for forcing minor into prostitution in Dubai UAE
Author
First Published Jan 20, 2023, 9:35 PM IST

ദുബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൂഷണം ചെയ്‍തതിനും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതിനും മൂന്ന് പ്രവാസികള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. കേസില്‍ നേരത്തെ വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരിവെയ്ക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ നിന്ന് വ്യാജ രേഖയുണ്ടാക്കി പ്രായം തിരുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ ദുബൈയില്‍ എത്തിച്ചത്.

പൊലീസിന്റെ പിടിയിലാവുന്നതിന് ഒരു മാസം മുമ്പാണ് പെണ്‍കുട്ടിയെ സംഘം യുഎഇയിലേക്ക് കൊണ്ടുവന്നത്. നാട്ടില്‍ വെച്ച് സംഘത്തിലൊരാള്‍ ദുബൈയില്‍ ജോലി ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് പെണ്‍കുട്ടിയോട് അന്വേഷിച്ചു. ഹോട്ടലിലാണ് ജോലിയെന്നും 2000 ദിര്‍ഹം ശമ്പളം നല്‍കാമെന്നും അറിയിച്ചപ്പോള്‍ പെണ്‍കുട്ടി സമ്മതിച്ചു. 18 വയസ് പൂര്‍ത്തിയായിട്ടില്ലാത്ത പെണ്‍കുട്ടിക്ക് വേണ്ടി വ്യാജ രേഖകള്‍ ചമച്ച് പാസ്‍പോര്‍ട്ട് സംഘടിപ്പിച്ച ശേഷമാണ് ദുബൈയില്‍ കൊണ്ടുവന്നത്.

ദുബൈയില്‍ സംഘത്തിലെ രണ്ടാമന്‍ പെണ്‍കുട്ടിയെ സ്വീകരിച്ച് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി അവിടെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. പാസ്‍പോര്‍ട്ട് ഇയാള്‍ കൈക്കലാക്കുകയും ചെയ്തു. ഹോട്ടലില്‍ ഡാന്‍സറായി ജോലി ചെയ്യണമെന്നും അതിന് പുറമെ പലര്‍ക്കും വഴങ്ങിക്കൊടുക്കണമെന്നും സംഘാംഗങ്ങള്‍ ഭീഷണിപ്പെടുത്തി. കുട്ടിയുടെ താത്പര്യമില്ലാത്തെ ഒരു മാസത്തോളം നിര്‍ബന്ധിച്ച് ഇത് ചെയ്യിക്കുകയും ചെയ്‍തു.

ഇതിനിടെ ദുബൈ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വേഷം മാറി സംഘത്തെ സമീപിച്ചു. പെണ്‍കുട്ടി ജോലി ചെയ്യുന്ന ഹോട്ടലിലെത്തിയ ഇയാള്‍ സംഘത്തിലെ പ്രധാനിയോട് പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടുവെന്ന് അറിയിക്കുകയായിരുന്നു. 3000 ദിര്‍ഹമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഹോട്ടല്‍ മുറിയുടെ വാടകയായി 30 ദിര്‍ഹവും ഈടാക്കി. സംഘാംഗങ്ങള്‍ മറ്റ് വിവരങ്ങള്‍ കൂടി നല്‍കിയ ശേഷം സമയം നിര്‍ദേശിച്ച് പൊലീസുകാരനെ പറഞ്ഞയച്ചു.

എന്നാല്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി വാങ്ങിയ ദുബൈ പൊലീസ് സംഘം  സംഘാംഗങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്‍തു. പൊലീസ് ഉദ്യോഗസ്ഥനുമായി കച്ചവടം ഉറപ്പിച്ചയാളും പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്ന ഡ്രൈവറും പെണ്‍കുട്ടിയെ പൂട്ടിയിട്ടിരുന്ന മറ്റൊരാളുമാണ് പിടിയിലായത്. മൂവരും വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ചു. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താനുമാണ് കോടതിയുടെ ഉത്തരവ്.

Read also:  ദുബൈയിലെ പ്രധാന റോഡുകളില്‍ വെള്ളിയാഴ്ച രാത്രി ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്

Follow Us:
Download App:
  • android
  • ios