ജിദ്ദയിൽ നിന്ന് ചരക്കെടുക്കാനായി അബഹയിലെത്തിയ മിനി ട്രാക്കിന്റെ ഡ്രൈവറായിരുന്ന പി.എ നവാസ് വാഹനത്തിൽ സാധനങ്ങൾ കയറ്റുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഹയാത്ത് ആശുപതിയിൽ എത്തിച്ച് മൂന്ന് ദിവസത്തോളം ചികിത്സയിൽ തുടരവെയാണ് ഇദ്ദേഹം മരിച്ചത്.
റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറിലെ അബഹയിൽ വ്യത്യസ്ത കാരണങ്ങളാൽ മരിച്ച മൂന്ന് ഇന്ത്യക്കാരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഒരാളുടെ മൃതദേഹം അബഹയിൽ ഖബറടക്കി. ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച കോട്ടയം സ്വദേശി ചങ്ങനാശ്ശേരി മടുക്കുംമൂട് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ പി.എ നവാസിന്റെ (53) മൃതദേഹം കഴിഞ്ഞ ദിവസം അബഹയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ വഴി കൊച്ചിയിലെത്തിച്ചു. തുടർന്ന് ചങ്ങനാശ്ശേരി പഴയപള്ളി ജുമാമസ്ജിദ് മഖ്ബറയിൽ കബറടക്കി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഭാര്യാ സഹോദരൻ അമീൻ റിയാദിലെത്തിയിരുന്നു. സഹായത്തിന് സന്തോഷ് കൈരളി, ഡോ. അബ്ദുൽ ഖാദർ എന്നിവരുമുണ്ടായിരുന്നു.
ജിദ്ദയിൽ നിന്ന് ചരക്കെടുക്കാനായി അബഹയിലെത്തിയ മിനി ട്രാക്കിന്റെ ഡ്രൈവറായിരുന്ന പി.എ നവാസ് വാഹനത്തിൽ സാധനങ്ങൾ കയറ്റുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഹയാത്ത് ആശുപതിയിൽ എത്തിച്ച് മൂന്ന് ദിവസത്തോളം ചികിത്സയിൽ തുടരവെയാണ് ഇദ്ദേഹം മരിച്ചത്. പിതാവ്: പരേതനായ അബ്ദുൽ ഖാദർ, ഭാര്യ: സുലൈഖാ ബീവി, മക്കൾ: മുഹമ്മദ് മനാഫ്, മുഹമ്മദ് സൽമാൻ, സോന നവാസ്. ഹൃദയാഘാതത്തെ തുടർന്ന് അബഹ പ്രൈവറ്റ് ആശുപത്രിയിൽ മരിച്ച വെസ്റ്റ് ബംഗാൾ സ്വദേശി കാർത്തിക് സർക്കാരിന്റെ മൃതദേഹം അബഹയിൽ നിന്ന് ജിദ്ദ വഴി കൊൽക്കത്തയിലേക്കാണ് കൊണ്ടുപോയത്. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ ദിവസങ്ങൾക്കുള്ളിലാണ് ഇദ്ദേഹം മരിച്ചത്. ഇന്ത്യൻ കോൺസുലേറ്റിന്റെ പൂർണ്ണ ചിലവിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. നിയമനടപടികൾക്കായി ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗം വളന്റിയർ ഇബ്രാഹിം പട്ടാമ്പി, സുഹൃത്ത് ഗണേഷ് എന്നിവർ രംഗത്തുണ്ടായിരുന്നു.
രണ്ട് മാസങ്ങൾക്ക് മുമ്പ് അബഹ ബാരിക്കിൽ വെച്ചു പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ അസീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് നിഷാദ് അലി ആറങ്ങോടന്റെ (43) മൃതദേഹം അബഹയിൽ ഖബറടക്കി. മഹാല റോഡിലുള്ള ഷെയ്ഖ് അബ്ദുല്ല ബിൻ ഹസ്സാൻ പള്ളിയിൽ മയ്യിത് നമസ്ക്കരിച്ചതിനു ശേഷം കറാമ മഖ്ബറയിൽ ആണ് മൃതദേഹം ഖബറടക്കിയത്. നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ഇദ്ദേഹത്തിന്റെ സഹോദരൻ റുവൈസ്, ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗം വളന്റിയർ ഇബ്രാഹിം പട്ടാമ്പി, ഷബീർ, കമ്പനി പ്രതിനിധികൾ, മറ്റു കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ രംഗത്തുണ്ടായിരുന്നു.
