വ്യാജരേഖ ചമയ്ക്കലും തട്ടിപ്പും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ക്രിമിനൽ സംഘം കുവൈത്തിൽ അറസ്റ്റിൽ. വാടക കരാറുകൾ, താമസസ്ഥല വിലാസത്തിലെ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സിവിൽ രേഖകളാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജരേഖ ചമയ്ക്കലും തട്ടിപ്പും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ക്രിമിനൽ സംഘത്തെ ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സാമ്പത്തിക നേട്ടങ്ങൾക്കായി ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കുകയും സിവിൽ വിവരങ്ങൾ തിരുത്തുകയും ചെയ്ത സംഘമാണിത്. ഏഷ്യൻ പൗരത്വമുള്ള ഒരാളും അറബ് പൗരത്വമുള്ള രണ്ടുപേരും ഉൾപ്പെടെ മൂന്ന് പ്രതികളാണ് പിടിയിലായത്. വാടക കരാറുകൾ, താമസസ്ഥല വിലാസത്തിലെ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സിവിൽ രേഖകളാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

പ്രതികൾ ജലീബ് അൽ ഷുവൈക്ക്, ഫർവാനിയ എന്നീ പ്രദേശങ്ങളിലെ ചില കെട്ടിടങ്ങളുടെ ഓട്ടോമേറ്റഡ് നമ്പറുകൾ ദുരുപയോഗം ചെയ്തിരുന്നു. നിയമവിരുദ്ധമായി വിലാസം മാറ്റുന്നതിന് പ്രതിഫലമായി ഓരോ ഇടപാടിനും 40 ദിനാർ മുതൽ 120 ദിനാർ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. നിരവധി കെട്ടിടങ്ങളിൽ നിന്നുള്ള കമ്പ്യൂട്ടർവത്കൃത നമ്പറുകൾ ശേഖരിച്ച പ്രതികൾ സിവിൽ രജിസ്ട്രിയിൽ കൃത്രിമം കാണിക്കുന്നതിനായി ഔദ്യോഗിക ഇടപാടുകളിൽ മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയിരുന്നതായി അധികൃതർ കണ്ടെത്തി.