റിയാദിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളുടെ ജീവൻ സൗദി നഴ്‌സ് തഹാനി അൽഅൻസിയുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടു.

റിയാദ്: റിയാദിൽ വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഹൃദയസ്തംഭനം വന്ന 50 വയസുകാരന്റെ ജീവൻ ഒരു സൗദി യുവ വനിതാ നഴ്‌സിന്റെ അവസരോചിത ഇടപെടലിൽ രക്ഷിക്കാനായി. അപകട സ്ഥലത്ത് വെച്ച് തന്നെ പ്രഥമ ശുശ്രൂഷ നൽകാൻ നഴ്‌സായ തഹാനി അൽഅൻസി ഓടിയെത്തുകയായിരുന്നു. റിയാദ് നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപം കുടുംബത്തോടൊപ്പം ഒരു കഫേയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത് കണ്ടതെന്ന് അൽഅൻസി പറഞ്ഞു. 

വാഹനം ഇടിച്ച ശേഷം റോഡിന് നടുവിൽ കിടക്കുന്ന ഒരാളെ കണ്ടു- 'എന്റെ കുടുംബത്തിന്റെ കാർ റോഡിന്റെ മധ്യത്തിൽ നിർത്തി, ഞാൻ എന്റെ സഹോദരനോടൊപ്പം പരിക്കേറ്റ ആളുടെ അടുത്തേക്ക് ഓടി. പക്ഷേ അയാൾക്ക് ശ്വസിക്കാനാവുന്നില്ലെന്ന് മനസ്സിലായി. എന്റെ ചുറ്റുമുള്ളവരിൽ നിന്ന് ഞാൻ സഹായം അഭ്യർത്ഥിച്ചു. തുടർന്ന് ഞങ്ങൾ അദ്ദേഹത്തെ റോഡിന്റെ അരികിലേക്ക് മാറ്റിക്കിടത്തി ഉടൻ തന്നെ സി.പി.ആർ നൽകി'- അൽഅൻസി പറഞ്ഞു. 

കുറച്ച് നിമിഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പൾസ് തിരികെ വന്നെങ്കിലും അത് വീണ്ടും നിലച്ചതായി കണ്ടെത്തിയതിനാൽ സൗദി റെഡ് ക്രസന്റ് ടീം എത്തുന്നതുവരെ സിപിആർ ആവർത്തിച്ചു കൊണ്ടിരുന്നു. ശേഷം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിക്ക് പുറത്ത് ജീവൻ രക്ഷിക്കാൻ താൻ ഇടപെടുന്നത് ഇതാദ്യമല്ലെന്ന് അൽഅൻസി പറഞ്ഞു. ‘ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാൻ എനിക്ക് കഴിയാറുണ്ട്. ഏത് സമയത്തും സ്ഥലത്തും ഒരു ജീവൻ രക്ഷിക്കുന്നത് ഓരോ ആരോഗ്യ പ്രവർത്തകന്‍റെയും മാനുഷിക കടമയായി ഞാൻ കണക്കാക്കുന്നു’- അവർ പറഞ്ഞു.

#NurseTahaniAl-Anzi എന്ന ഹാഷ്‌ടാഗിൽ നഴ്‌സിന്റെ ഇടപെടൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ജീവൻ രക്ഷാ പ്രവർത്തനത്തിന് അവർക്ക് വ്യാപക പ്രശംസയും ലഭിച്ചു. പ്രൊഫഷണലിസവും മനുഷ്യത്വവും സംയോജിപ്പിച്ച് സഹായം ചെയ്യാനുള്ള അവരുടെ സന്നദ്ധത സൗദി മെഡിക്കൽ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ പ്രവൃത്തിയാണെന്ന അഭിനന്ദനവും സോഷ്യൽ മീഡിയയിൽ കാണാം.