ഷാര്‍ജ: ഷാര്‍ജയില്‍ പതിനെട്ട് മാസം മാത്രം പ്രായമായ കുഞ്ഞ് ഫാമിലി അപ്പാര്‍ട്ട്‌മെന്റിലെ ബാത്ത്ടബില്‍ മുങ്ങി മരിച്ചു. ഷാര്‍ജ അല്‍ മജാസ് ഏരിയയിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് വ്യാഴാഴ്ച അറിയിച്ചു.

കുഞ്ഞിനെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ നിന്ന് ആണ്‍കുഞ്ഞിന്റെ മരണം സംബന്ധിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ഷാര്‍ജ പൊലീസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് സംഭവത്തിന്റെ യഥാര്‍ത്ഥ കാരണവും സാഹചര്യവും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഷ്യന്‍ വംശജനാണ് മരണപ്പെട്ട കുഞ്ഞ്. കുഞ്ഞിന്റെ മൃതദേഹം ഒട്ടോപ്‌സി പരിശോധനയ്ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.