ടൂറിസ്റ്റ് വിസ ഓൺലൈനായി അനുവദിക്കുന്ന ‘വിസ ബൈ പ്രൊഫൈൽ’ എന്ന ആഗോള സംരംഭത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചു. റിയാദിൽ നടന്ന യു.എൻ ഗ്ലോബൽ ടൂറിസ്റ്റ് ഫോറത്തോട് അനുബന്ധിച്ചാണ് പുതിയ സംരംഭം ആരംഭിച്ചത്.
റിയാദ്: മിനിറ്റുകൾക്കുള്ളിൽ ടൂറിസ്റ്റ് വിസ ഓൺലൈനായി അനുവദിക്കുന്ന ‘വിസ ബൈ പ്രൊഫൈൽ’ എന്ന ആഗോള സംരംഭത്തിന് സൗദി അറേബ്യ തുടക്കം കുറിച്ചു. റിയാദിൽ നടന്ന യു.എൻ ഗ്ലോബൽ ടൂറിസ്റ്റ് ഫോറത്തോട് അനുബന്ധിച്ചാണ് പുതിയ സംരംഭം ആരംഭിച്ചത്. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. യോഗ്യരായ യാത്രക്കാർക്ക് മിനിറ്റുകൾക്കുള്ളിൽ ടൂറിസ്റ്റ് വിസകൾ ഓൺലൈനായി വിതരണം ലഭ്യമാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ‘വിസ’ ക്രെഡിറ്റ് കാർഡ് ഉടമകളാണ് തുടക്കത്തിൽ ഈ സംരംഭത്തിന്‍റെ പരിധിയിൽ വരുക. ഇവർക്ക് മിനിറ്റുകൾക്കുള്ളിൽ ടൂറിസ്റ്റ് വിസ ലഭിക്കും. അതിനായി പാസ്‌പോർട്ട്, വിസ കാർഡിന്‍റെ വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് വിസ പ്രോസസിങ് നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇങ്ങനെ ടൂറിസ്റ്റ് വിസ നേടാനാവും. 2026ൽ ഇത് ഔദ്യോഗികമായി ആരംഭിക്കും. ലോകമെമ്പാടുമുള്ള കൂടുതൽ ബാങ്കുകളെയും ക്രെഡിറ്റ് കാർഡ് ദാതാക്കളെയും ഉൾപ്പെടുത്തി സംരംഭം ക്രമേണ വികസിപ്പിക്കും. ലോകമെമ്പാടുമുള്ള ആളുകളുടെ യാത്ര സുഗമമാക്കുന്നതിലും കൂടുതൽ കാര്യക്ഷമവും വഴക്കമുള്ളതുമായ സംവിധാനങ്ങൾ നിർമിക്കുന്നതിലും അടിസ്ഥാനപരമായ മാറ്റമാണ് ഈ സംരംഭം പ്രതിനിധീകരിക്കുന്നതെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് പറഞ്ഞു.


