ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ജൂലൈ ആറ് മുതൽ ആഗസ്റ്റ് നാല് വരെയാണ് ഫെസ്റ്റിവൽ
ദോഹ: വേനൽ ചൂടിൽ നിന്ന് കുട്ടികൾക്ക് ആശ്വാസവും ഉല്ലാസവും പകരാൻ ഖത്തർ ടൂറിസം ഒരുക്കുന്ന ടോയ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) നടക്കുന്ന ഫെസ്റ്റിവൽ ആഗസ്റ്റ് നാല് വരെ തുടരും. പുറത്തെ കനത്ത ചൂടിൽ നിന്നുള്ള ആശ്വാസം എന്ന നിലയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും വിവിധ വിനോദ പരിപാടികളും കളികളുമായെത്തുന്ന ടോയ് ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പിനാണ് ജൂലൈ ആറിന് തുടക്കമാകുന്നത്. വിസിറ്റ് ഖത്തറാണ് ടോയ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ടെലികോം കമ്പനിയായ ഉരീദു അണ് പരിപാടിയുടെ പ്രധാന പാർട്ണർ.
ഇൻഡോർ പരിപാടികൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഫെസ്റ്റിവലിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള ലൈവ് ഷോകൾ, ഇമ്മേഴ്സിവ് ആക്റ്റിവേഷൻസ്, സമ്മർ ക്യാമ്പ് തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്. 17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദിയിൽ ദിവസേന പത്തിലധികം സ്റ്റേജ് ഷോകൾ അരങ്ങേറും.
സംഗീത പരിപാടികൾ, ശാസ്ത്ര പ്രദർശനങ്ങൾ, നൃത്ത പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന വിവിധ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. ഹൊറർ ഹൗസ്, പബ്ജി, ബാറ്റിൽ ഗ്രൗണ്ട്, ഷെർലക് ഹോംസ് എസ്‌കേപ്പ് റൂം എന്നിവ കുട്ടികൾക്ക് നവ്യമായ അനുഭവങ്ങൾ സമ്മാനിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി 10 റീട്ടെയിൽ ഔട്ട്ലെറ്റുകളും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. മുൻ പതിപ്പുകളേക്കാൾ മികച്ച അനുഭവമായിരിക്കും മൂന്നാമത് ടോയ് ഫെസ്റ്റിവൽ ഖത്തറിന് സമ്മാനിക്കുക.