‘ദി ഇൻഡിപെൻഡൻറ്’ പത്രമാണ് തെരഞ്ഞെടുപ്പ് നടത്തിയത്
റിയാദ്: ബോക്സിങ്-മിശ്ര ആയോധന കലകളുടെ ലോകത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള 50 വ്യക്തികളുടെ പട്ടികയിൽ പൊതുവിനോദ അതോറിറ്റി ചെയർമാർ തുർക്കി ആലുശൈഖ് ഒന്നാം സ്ഥാനം നേടി. ‘ദി ഇൻഡിപെൻഡൻറ്’ എന്ന ബ്രിട്ടീഷ് പത്രത്തിൻറെ തെരഞ്ഞെടുപ്പിലാണ് തുർക്കി ആലുശൈഖ് ഒന്നാംസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിയാദ് സീസണിൽ സൗദി അറേബ്യ ബോക്സിങ്, മിശ്ര ആയോധന കലകളിൽ നിരവധി അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചതിനെ തുടർന്നാണിത്.
നിരവധി പങ്കാളിത്തങ്ങളും കരാറുകളും ഉണ്ടാക്കി സൗദിയിലേക്ക് ഈ കലകളെ ആകർഷിക്കുന്നതിൽ വലിയ പങ്ക് തുർക്കി ആലുശൈഖ് വഹിച്ചു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ കണ്ട നിരവധി ക്രിയേറ്റീവ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഈ മേഖലയെ പിന്തുണയ്ക്കുന്നതിന് സംഭാവന നൽകി. അത് പുതിയ ധാരാളം പ്രേക്ഷകരെ ആകർഷിക്കാൻ കാരണമായി. ബോക്സിങ് മേഖലയിൽ ഏറ്റവും പുതിയ നിർമാണ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ അദ്ദേഹം പിന്തുണച്ചു. ഏറ്റവും വലിയ പ്രത്യേക ടെലിവിഷൻ ചാനലുകളുമായുള്ള നിരവധി പങ്കാളിത്തങ്ങളിലൂടെ ആഗോള തലത്തിൽ മത്സരങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ അവ പ്രദർശിപ്പിക്കുന്നതിനും പ്രവർത്തിച്ചു തുടങ്ങിയവയാണ് തുർക്കി ആലുശൈഖിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
