വീഡിയോയില്‍, പിടിയിലായ വ്യക്തി ഖത്തര്‍ കറന്‍സിയെ അവഹേളിക്കുന്നതും ബഹുമാനമില്ലാതെ കൈകാര്യം ചെയ്യുന്നതും കാണാം.

ദോഹ: ഖത്തറിന്റെ കറന്‍സിയെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീഡിയോയിലുള്ളയാളെയും ഇത് ചിത്രീകരിച്ചയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോയില്‍, പിടിയിലായ വ്യക്തി ഖത്തര്‍ കറന്‍സിയെ അവഹേളിക്കുന്നതും ബഹുമാനമില്ലാതെ കൈകാര്യം ചെയ്യുന്നതും കാണാം. ഇതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വിശദമാക്കി. 

Read More: ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് വർദ്ധിപ്പിച്ചു

അതേസമയം ഖത്തറിന്റെ ദേശീയ ചിഹ്നം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് നടപടി. വാണിജ്യ ശാലകളിലും അവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വില്‍പ്പന, പ്രചാരണം എന്നിവ പാടില്ല. 

വ്യാപാരികളും സ്റ്റോര്‍ മാനേജര്‍മാരും ഉത്തരവ് പാലിക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. സെപ്തംബര്‍ 15നാണ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്. വെള്ള നിറത്തിലെ പശ്ചാത്തലത്തില്‍ മെറൂണ്‍ നിറത്തിലുള്ള ലോഗോയില്‍ സ്ഥാപക ഭരണാധികാരിയുടെ വാള്‍, ഈന്തപ്പന, കടല്‍, പരമ്പരാഗത പായ്ക്കപ്പല്‍ എന്നിവയാണ് ഉള്ളത്. 

ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

സൗദി അറേബ്യയും രാജ്യത്തിന്‍റെ പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അല്ലാഹുവിന്റെ നാമം, ഏകദൈവത്വ വചനം (കലിമ), രാജ്യചിഹ്നമായ 'രണ്ട് വാളുകളും ഈന്തപ്പനയും' എന്നിവ ഉള്‍പ്പെടുന്ന സൗദി പതാകയുടെ വാണിജ്യപരമായ ദുരുപയോഗത്തിനാണ് വിലക്ക്. കൂടാതെ ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങള്‍, പേരുകള്‍ തുടങ്ങിയവ ഏതെങ്കിലും വ്യക്തികളോ വാണിജ്യ സ്ഥാപനങ്ങളോ അവരുടെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രസിദ്ധീകരണങ്ങള്‍, ചരക്കുകള്‍, ഉല്‍പ്പന്നങ്ങള്‍, മീഡിയ ബുള്ളറ്റിനുകള്‍, പ്രത്യേക സമ്മാനങ്ങള്‍ എന്നിവയിലൊന്നും ഇവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.