മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ കേസും ഇവര്‍ക്കെതിരെയുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ട് പ്രവാസികള്‍ പിടിയില്‍. താമസ നിയമലംഘകരാണ് അറസ്റ്റിലായത്. പ്രാദേശികമായി നിര്‍മ്മിച്ച് കുപ്പികളില്‍ നിറച്ച മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 98 കുപ്പി മദ്യമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. 

മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ കേസും ഇവര്‍ക്കെതിരെയുണ്ട്. ഇതില്‍ ഒരാള്‍ക്ക് യാത്രാ വിലക്കുമുണ്ട്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

Read More: 79 കിലോ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; നാല് പ്രവാസികള്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു. മൂന്ന് കണ്ടെയ്‍നറുകളിലായി പതിനെണ്ണായിരത്തിലധികം ബോട്ടില്‍ മദ്യമാണ് രാജ്യത്തിന്റെ കര അതിര്‍ത്തി വഴി കൊണ്ടുവരാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‍തു.

കേബിളുകളും ബാറ്ററികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുവന്ന വലിയ കണ്ടെയ്‍നറുകളിലായിരുന്നു പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഈ സാധനങ്ങള്‍ എത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. അറസ്റ്റിലായ ആറ് പേര്‍ സൗദി അറേബ്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

ഏതാനും മാസങ്ങളായി നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി ശക്തമായ പരിശോധനകളാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും തൊഴില്‍ നിയമ ലംഘകരെയും രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരെയുമൊക്കെ പിടികൂടുകയാണ്. 

Read More: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഏഴ് പ്രവാസികള്‍ പിടിയില്‍

നിയമലംഘനങ്ങള്‍ക്ക് പിടിയിലാവുന്ന പ്രവാസികളെ ഉടന്‍ തന്നെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി അവിടെ നിന്ന് നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കില്ല. കൂടാതെ നിശ്ചിത കാലയളവിലേക്ക് എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും പ്രവേശന വിലക്കും ഏര്‍പ്പെടുത്തും.