ഫ്രാങ്ക്ഫര്‍ട്ട്: ലാന്റിങിന്ശേഷം ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ രണ്ട് യാത്രാ വിമാനങ്ങള്‍ കൂട്ടിയിടിച്ചു. വിമാനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചെങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത കൊറിയന്‍ എയര്‍ ബോയിങ് വിമാനവും എയര്‍ നമീബിയയുടെ എയര്‍ ബസ് വിമാനവുമാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് ജര്‍മന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു. വിമാനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ സാധിച്ചിട്ടില്ലെന്നും അധികൃതര്‍ ഞായറാഴ്ച അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയര്‍ നമീബിയ വിമാനം കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുകയായിരുന്നതിനാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് കൊറിയന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. കൊറിയന്‍ എയര്‍ വിമാനത്തിന്റെ ഹൊറിസോണ്ടല്‍ സ്റ്റെബിലൈസറും എയര്‍ നമീബിയ വിമാനത്തിലെ ചിറകിന്റെ ഭാഗവും അപകടത്തില്‍ തകരാറിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.