അബുദാബി: അബുദാബിയില്‍ ഗതാഗത നിയമം ലംഘിച്ച് വാഹനമോടിച്ച രണ്ട് ഡ്രൈവര്‍മാര്‍ക്ക് ചുമത്തിയത് 26 ലക്ഷം ദിര്‍ഹം(5 കോടിയിലധികം ഇന്ത്യന്‍ രൂപ). അബുദാബിയിലെ വിവിധ റോഡുകളില്‍ സ്ഥാപിച്ച ക്യാമറകളിലും റഡാറുകളിലും ഇവര്‍ നിയമം ലംഘിച്ച് വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നതായി അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സാലിം അബ്ദുള്ള അല്‍ ദാഹിരി പറഞ്ഞു.

ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നിയമം ലംഘിച്ച രണ്ട് ഡ്രൈവര്‍മാരില്‍ ഒരാള്‍ക്ക് 14 ലക്ഷം ദിര്‍ഹവും മറ്റേയാള്‍ക്ക് 12 ലക്ഷം ദിര്‍ഹവുമാണ് പിഴ ചുമത്തിയത്. എന്നാല്‍ ഇവര്‍ പിഴ അടച്ചു തീര്‍ത്തോയെന്ന കാര്യം വ്യക്തമല്ല. മാസങ്ങളായി ആവര്‍ത്തിച്ച നിയമലംഘനങ്ങള്‍ക്കാണ് ഇവര്‍ക്ക് പിഴ ചുമത്തിയത്. നിയമലംഘനത്തിനുള്ള പിഴ 7000 ദിര്‍ഹം കടന്നാല്‍ വാഹനം കണ്ടുകെട്ടണമെന്നാണ് പുതിയ നിയമം.