ചൂട് ഉയരുന്ന സാഹചര്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന  തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമം നടപ്പിലാക്കുന്നത്. 

അബുദാബി: കനത്ത ചൂട് കണക്കിലെടുത്ത് യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് ജൂൺ 15 മുതല്‍ വിലക്ക്. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരികയാണ്. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. 

കനത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ഇത് 21-ാം വര്‍ഷമാണ് ഇത്തരത്തില്‍ നിയമം നടപ്പിലാക്കുന്നത്. ജൂൺ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചസമയത്തെ പുറം ജോലികള്‍ വിലക്കും. ഉച്ചവിശ്രമ നിയമം കമ്പനികള്‍ പാലിക്കുന്നുണ്ടോയെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പരിശോധിച്ച് ഉറപ്പാക്കും. വിലക്ക് ഏര്‍പ്പെടുത്തുന്ന സമയത്ത് തൊഴിലാളികള്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം എന്ന നിലയില്‍ പരമാവധി 50,000 ദിര്‍ഹം വരെ പിഴ ചുമത്തും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം