യുഎഇയിൽ പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. ജനുവരി 1നാണ് സർക്കാർ മേഖലയ്ക്ക് അവധി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് ആണ് അവധി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം ജനുവരി 2 വർക്ക് ഫ്രം ഹോം ആയിരിക്കും.

അബുദാബി: പുതുവർഷം പ്രമാണിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ. ജനുവരി 1ന് പുതുവർഷ ദിനത്തിൽ സർക്കാർ മേഖലയിൽ അവധിയായിരിക്കും. രാജ്യമെങ്ങും വമ്പൻ പുതുവത്സരാഘോഷത്തിന് ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്.

ജനുവരി 1നാണ് സർക്കാർ മേഖലയ്ക്ക് അവധി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് ആണ് അവധി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം ജനുവരി 2 വർക്ക് ഫ്രം ഹോം ആയിരിക്കും. പുതുവർഷ ദിനത്തോടനുബന്ധിച്ച് ഗംഭീര വെടിക്കെട്ടും ആഘോഷങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. റാസ് അൽ ഖൈമയിൽ 2300ലധികം ഡ്രോണുകൾ ഉപയോഗിച്ച് 15 മിനിട്ടിലധികം നീളുന്ന ഗിന്നസ് പ്രകടനമാണ് ഉദ്ദേശിക്കുന്നത്.

തീരമുടനീളം വെടിക്കെട്ടും ഡ്രോൺ ഷോയും കൊണ്ട് നിറയും. ദുബൈയിലും വെടിക്കെട്ട്, ഡ്രോൺ ഷോ, ബീച്ച് പാർട്ടികൾ, എന്നിവ നടക്കും. ഗ്ലോബൽ വില്ലേജ്, അറ്റ്ലാൻഡിസ് ദി പാം, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ നടക്കും. അബുദാബിയിൽ ശൈഖ് സായിദ് ഫെസ്റ്റിവലിൽ വൻ ആഘോഷങ്ങൾ നടക്കും. അൽ വത്‍ബയിൽ 62 മിനുട്ട് നീളുന്ന വെടിക്കെട്ട് നടക്കും. ലോകത്തെ ഏറ്റവും വലിയ ഡ്രോൺ പെർഫോമൻസ് നടക്കും. 

ഷാർജയിലും സർക്കാർ സ്ഥാപനങ്ങളിലെയും അതോറിറ്റികളിലെയും ജീവനക്കാർക്ക് 2026 ജനുവരി 1 പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവത്സരം ഒരു വ്യാഴാഴ്ച ആയതിനാലും വെള്ളിയാഴ്ച എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയുടെ ഭാഗമായതിനാലും, ഔദ്യോഗിക ജോലി സമയം 2026 ജനുവരി 5 തിങ്കളാഴ്ച പുനരാരംഭിക്കും.