യുഎഇയിൽ മഴ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ കേന്ദ്രം. ഡിസംബർ 13 ശനിയാഴ്ച മുതൽ 19 വെള്ളിയാഴ്ച വരെ അബുദാബിയുടെയും മറ്റ് എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
അബുദാബി: യുഎഇയിൽ മഴ മുന്നറിയിപ്പ്. ഈ ആഴ്ച നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളിൽ മഴ ശക്തമായേക്കാം. ഡിസംബർ 13 ശനിയാഴ്ച മുതൽ 19 വെള്ളിയാഴ്ച വരെ അബുദാബിയുടെയും മറ്റ് എമിറേറ്റുകളുടെയും വിവിധ ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കുന്നുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു. തീരപ്രദേശങ്ങളിലും ദ്വീപുകളിലുമാണ് മഴയ്ക്ക് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ തീരപ്രദേശങ്ങളിലും സമീപ ദ്വീപുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അൽ ഐനിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രധാനമായും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.
അൽ ദഫ്‌റ മേഖലയിൽ ഇടവിട്ടുള്ള മഴയും ആഴ്ചയുടെ അവസാനത്തോടെ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തീരദേശ-വടക്കൻ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനില അൽപ്പം കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് കാറ്റ് മാറിയേക്കാം. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയാകാനും ചിലപ്പോൾ 45 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ട്, ഇത് പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കാം.
തിങ്കളാഴ്ചയും ഭാഗികമായി മേഘാവൃതമായ ആകാശം തുടരും. ചില തീരദേശ-വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്‍റെവേഗത 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയോടെയും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താം. ബുധനാഴ്ചയും മഴ തുടരും. കാറ്റ് ശക്തമാവുകയും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്യും. ഡിസംബർ 16 ചൊവ്വാഴ്ച മുതൽ 19 വെള്ളിയാഴ്ച വരെ മേഖലയിൽ തണുത്ത കാറ്റോടു കൂടിയ ന്യൂനമർദ്ദം ശക്തമാകാൻ സാധ്യതയുണ്ട്.
ഇടിമിന്നലോടു കൂടിയ മഴയും ചിലയിടങ്ങളിൽ ആലിപ്പഴം വീഴാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നു. സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ച് അപ്‌ഡേറ്റുകൾ നൽകുന്നത് തുടരുമെന്നും മോശം കാലാവസ്ഥയിൽ താമസക്കാരും സന്ദർശകരും സുരക്ഷാ നടപടികൾ പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.


