സുഡാനിലേക്ക് അനധികൃതമായി ആയുധങ്ങൾ കടത്തുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിൽ എട്ട് പേർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വാണിജ്യ കമ്പനികളും വ്യാജ രേഖകളും ഉപയോഗിച്ച് നടത്തിയ ഈ വൻ ശൃംഖലയിലെ പ്രതികൾക്ക് ശിക്ഷയ്ക്ക് ശേഷം നാടു കടത്താനും 6 കമ്പനികൾക്ക് വൻ തുക പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.
അബുദാബി: സുഡാനീസ് സൈന്യത്തിന് അനധികൃതമായി ആയുധങ്ങളും വെടിയുണ്ടകളും സൈനിക സാമഗ്രികളും എത്തിച്ചുനൽകുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിൽ എട്ട് പേർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വാണിജ്യ കമ്പനികൾ, ബാങ്ക് ഇടപാടുകൾ, വ്യാജ രേഖകൾ, നേരിട്ടുള്ള പണമിടപാടുകൾ എന്നിവ ഉപയോഗിച്ച് യുഎഇയിൽ നിന്ന് നടത്തിയ വൻ ആയുധക്കടത്ത് ശൃംഖലയെയാണ് തകർത്തത്.
ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇതുകൂടാതെ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകൾ, ആശയവിനിമയ ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ പിടിച്ചെടുക്കാനും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. റാഷിദ് ഉമർ അബ്ദുൽ ഖാദിർ അലി, സലാഹ് അബ്ദുള്ള മുഹമ്മദ് മുഹമ്മദ് സ്വാലിഹ് (സലാഹ് ഗോഷ്), അഹമ്മദ് അബ്ദുള്ള (അബ്ദുള്ള ഖലഫല്ല), അഹമ്മദ് റബീ അഹമ്മദ്, മുഹമ്മദ് ഫത് അൽ ബെക്ക്, യാസിർ അബ്ദുൽ റഹ്മാൻ അൽ അത്ത, ഉസ്മാൻ അൽ സുബൈർ, മഹർ അബ്ദുൽ ജലീൽ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇവർക്ക് പുറമെ, മറ്റ് വിവിധ കുറ്റങ്ങൾക്ക് റാഷിദ് ഉമർ, സലാഹ് ഗോഷ്, അബ്ദുള്ള ഖലഫല്ല, മഹർ അബ്ദുൽ ജലീൽ, ഉസ്മാൻ ബാബിക്കർ, ഖാലിദ് യൂസഫ് മുഖ്താർ, അഹമ്മദ് ഖലഫല്ല അബ്ദുള്ള എന്നിവർക്ക് മൂന്ന് വർഷം വീതം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളിൽ പലരും താല്കാലികമായി 10 ലക്ഷം ദിർഹം വീതം പിഴ അടയ്ക്കണം. കൂടാതെ, പിടിച്ചെടുത്ത ഫണ്ടുകളിൽ നിന്ന് 15.45 ലക്ഷം ദിർഹം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കേസിൽ ആരോപണവിധേയരായ മുബാറക് അലി അൽ ഷെയ്ഖ്, മുസ്അബ് അവദ് അൽ കരീം ഹസ്സൻ എന്നിവരെ കോടതി വെറുതെവിട്ടു.
അനധികൃത പണമിടപാടുകൾക്ക് ഉപയോഗിച്ചതിന് ആറ് കമ്പനികൾക്ക് 10 ലക്ഷം ദിർഹം വീതം പിഴ ചുമത്തി. റാഷിദ് ഉമർ ബ്രോക്കറേജ് കമ്പനി, പോർടെക്സ് ട്രേഡ് ലിമിറ്റഡ്, അപൊളാര ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനി, യെല്ലോ സാന്റ് ട്രേഡിംഗ് കമ്പനി, വർദത്ത് അൽ മസാറ ട്രേഡിംഗ് കമ്പനി, സുഡാമിന - ഫ്രീ സോൺ എന്നീ കമ്പനികൾക്കാണ് പിഴ ചുമത്തിയത്. ഈ കമ്പനികളുടെ ലൈസൻസുകളും രജിസ്ട്രേഷനുകളും റദ്ദാക്കാനും ഇവയുടെ അക്കൗണ്ടുകളിലുള്ള തുകയും ലാഭവിഹിതവും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
മതിയായ ലൈസൻസുകളോ ഔദ്യോഗിക അനുമതിയോ ഇല്ലാതെയാണ് പ്രതികൾ ആയുധങ്ങൾ വിൽപന നടത്തിയത്. വെടിയുണ്ടകൾ മെഡിക്കൽ സാമഗ്രികളാണെന്ന് തെറ്റായി വ്യാജരേഖ ചമച്ചാണ് വിമാന മാർഗ്ഗം പോർട്ട് സുഡാനിലേക്ക് അയക്കാൻ യുഎഇയിൽ എത്തിച്ചത്. ഇതിന്റെ പണമിടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ട് പണമായും യുഎഇയിൽ വെച്ചാണ് നടന്നത്. റാഷിദ് ഉമർ അബ്ദുൽ ഖാദിർ അലിയാണ് ഇടപാടുകളുടെ പ്രധാന സൂത്രധാരൻ. സ്വന്തം കമ്പനി വഴി ആയുധ വിതരണത്തിന് നേതൃത്വം നൽകുകയും മറ്റൊരു പ്രതിയായ മഹർ അബ്ദുൽ ജലീലിൽ നിന്ന് മാത്രം 80 ലക്ഷത്തോളം ദിർഹം നേരിട്ട് പണമായി കൈപ്പറ്റുകയും ചെയ്തു.
സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഒരു വിഭാഗത്തിന് മാത്രം ആയുധങ്ങൾ എത്തിച്ചു നൽകാനാണ് ഇവർ ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു. രാജ്യാന്തര തലത്തിൽ ആയുധ വിതരണത്തിന് വിലക്കുകൾ നിലനിൽക്കെ, യുഎഇ മണ്ണും സാമ്പത്തിക സംവിധാനങ്ങളും ദുരുപയോഗം ചെയ്തത് രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്നതും സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് കോടതി വ്യക്തമാക്കി. വ്യാജരേഖ ചമയ്ക്കൽ, അനധികൃത ആയുധക്കടത്ത് എന്നിവ ഒരൊറ്റ കുറ്റകൃത്യമായും, കള്ളപ്പണം വെളുപ്പിക്കൽ പ്രത്യേക കുറ്റകൃത്യമായും പരിഗണിച്ചാണ് യുഎഇ അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ഷംസിയുടെ നിർദ്ദേശപ്രകാരം കേസ് വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ പ്രഖ്യാപിച്ചത്.






