ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ കോക്ക്പിറ്റ് ആക്രമണത്തിൽ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. കുത്തേറ്റെങ്കിലും കോക്ക്പിറ്റ് വാതിൽ തുറന്ന് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അക്രമിയായ സഹപൈലറ്റ് ഇപ്പോൾ സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്.
ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന കോക്ക്പിറ്റ് ആക്രമണത്തിൽ യുഎഇ സർക്കാരും അറ്റോർണി ജനറലും ചേർന്ന് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഭീകരാക്രമണ ശ്രമമാണോ അതോ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് കണ്ടെത്താൻ പ്രത്യേക പ്രോസിക്യൂട്ടർ സംഘത്തെ നിയോഗിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' വെളിപ്പെടുത്തി.
യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസിയുടെ നിർദ്ദേശപ്രകാരം ജനറൽ സിവിലിയൻ ഏവിയേഷൻ അതോറിറ്റിയുമായി ചേർന്നാണ് അന്വേഷണം നടക്കുന്നത്. യുഎഇയിൽ രജിസ്റ്റർ ചെയ്ത വിമാനമായതിനാൽ അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരം കേസിന്റെ പൂർണ്ണമായ വിചാരണാധികാരം യുഎഇയ്ക്കാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ മാത്രം ആശ്രയിക്കണമെന്നും അൽ ഷംസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തിൽ ആരുടെയങ്കിലും പങ്കാളിത്തമുണ്ടോ എന്ന് വ്യക്തമാക്കാൻ സമയമായിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. നിലവിൽ സൗദി അറേബ്യയിൽ അന്വേഷണം നേരിടുന്ന അക്രമിയായ സഹപൈലറ്റിനെ യുഎഇയിലേക്ക് മാറ്റുമെന്നാണ് കരുതുന്നതെന്നും, കേസിന്‍റെ അന്വേഷണത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നും 'ഫോക്സ്' ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
ക്രൂരമായി കുത്തേറ്റുവീണിട്ടും 174-ഓളം യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നായകൻ എന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ‘അതീവ ഗുരുതരമായ ഭീഷണിയെ നേരിടുമ്പോഴും പരിക്കുകളെ അവഗണിച്ച് സ്മിത് മച്ചാർ കാണിച്ച ധീരതയും പതറാത്ത മനോധൈര്യവും മാതൃകാപരമാണ്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകൾ രക്ഷിക്കുകയും വലിയൊരു ദുരന്തം ഒഴിവാക്കുകയും ചെയ്തു’ എന്ന് മോദി എക്സിൽ കുറിച്ചു. കുത്തേറ്റുവീണ് രക്തത്തിൽ കുളിച്ചിട്ടും ഡോർ തുറന്നുഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച് നിലത്തുവീണ സമയത്തും, കോക്ക്പിറ്റിന്‍റെ ലോക്ക് മാറ്റി വാതിൽ തുറന്നുകൊടുക്കാൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് സാധിച്ചതാണ് പുറത്തുണ്ടായിരുന്ന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും അകത്തുകയറി അക്രമിയെ കീഴടക്കാൻ സഹായിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വക്താവ് വെളിപ്പെടുത്തി. നിലവിൽ സൗദി അറേബ്യയിലെ തബൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. സംഭവത്തെ തുടർന്ന് തബൂക്കിലുള്ള വിമാനം പരിശോധിക്കാൻ ഫ്ലൈ ദുബായുടെ പ്രത്യേക സാങ്കേതിക സംഘവും സൗദിയിലെത്തിയിട്ടുണ്ട്.


