മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും.
അബുദാബി: ബലിപെരുന്നാളിനോട് അനുബന്ധിച്ച് 963 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന പല രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുന്നത്. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.
തടവുകാരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള മാനുഷിക സമീപനത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സമൂഹത്തിൽ ക്ഷമയും കരുണയും വളർത്താനുമുള്ള പ്രതിജ്ഞാബദ്ധതയാണ് യുഎഇ പ്രസിഡന്‍റിന്‍റെ ഈ തീരുമാനത്തിലൂടെ പ്രകടമായത്.
യുഎഇയിൽ നാല് ദിവസത്തെ അവധിയാണ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലഭിക്കുക. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി ലഭിക്കുക. ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി ലഭിക്കുക. ജൂൺ 9 തിങ്കളാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ.


