ആഭ്യന്തര മന്ത്രിയും സഹോദരനുമായ സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ആണ് തന്റെ എക്സ് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്.
ദുബൈ: ആൾക്കൂട്ടത്തിനിടയിലും അദ്ദേഹം തന്റെ അധ്യാപകനെ കണ്ടുപിടിച്ചു. ഓടിച്ചെന്ന് കുശലാന്വേഷണം നടത്തി...യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തന്റെ അധ്യാപകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹരമായ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കുട്ടിക്കാലത്തെ തന്റെ അധ്യാപകനായിരുന്ന പ്രൊഫസർ അഹമ്മദ് ഇബ്രാഹിം മന്ദി അൽ തമീമിയെയാണ് ശൈഖ് മുഹമ്മദ് കണ്ടുമുട്ടിയത്. യുഎഇ ആഭ്യന്തര മന്ത്രിയും സഹോദരനുമായ സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ആണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
റമദാന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് പഴയ അധ്യാപകനും വിദ്യാർഥിയും തമ്മിലുള്ള കണ്ടുമുട്ടലിന് പലരും സാക്ഷിയായത്. അൽ തമീമിയെ സംബന്ധിച്ചിടത്തോളവും അത്തരമൊരും സന്ദർഭം തികച്ചും ആകസ്മികമായിരുന്നു. അധ്യാപകൻ ഇരുന്നിരുന്ന മുറിയുടെ എതിർ വശത്തെ മുറിയിലായിരുന്നു ശൈഖ് മുഹമ്മദ് ഉണ്ടായിരുന്നത്. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് നിരവധി പേർ എത്തിയിരുന്നു. എന്നിട്ടും, അധ്യാപകനെ തിരിച്ചറിഞ്ഞയുടൻ തന്നെ അദ്ദേഹം മുറിയിൽ നിന്നും എഴുന്നേറ്റ് അൽ തമീമിയുടെ അരികിലേക്ക് എത്തുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ അധ്യാപകനുമായി കുശലാന്വേഷണം നടത്തുന്ന ശൈഖ് മുഹമ്മദിനെ കാണാൻ കഴിയും. ഫെഡറൽ നാഷണൽ കൗൺസിൽ പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനോടൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
'ഓരോ ദിവസവും മുതിർന്നവർ നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾ' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയത്. ഇതാദ്യാമായല്ല ശൈഖ് മുഹമ്മദും അധ്യാപകനായ അൽ തമീമിയും കണ്ടുമുട്ടുന്നത്. 2017ൽ ഖലീഫ സിറ്റിയിലുള്ള അൽ തമീമിയുടെ വീട്ടിൽ ശൈഖ് മുഹമ്മദ് സന്ദർശനം നടത്തിയിരുന്നു. ഇരുവരും സംസാരിക്കുന്നതും ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതും അന്നും ഏറെ ശ്രദ്ധ നേടിയിരുന്നു.
