അബുദാബി: കൊവിഡ് പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ അയയ്ക്കാന്‍ പദ്ധതിയുമായി യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രസന്റും തമൂഹ് ഹെല്‍ത്ത് കെയറും സംയുക്തമായാണ് രാജ്യത്തിനകത്തും മറ്റ് രാജ്യങ്ങളിലേക്കും വാക്‌സിന്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.

എമിറേറ്റ്‌സ് റെഡ് ക്രസന്റും തമൂഹ് ഹെല്‍ത്ത് കെയറും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പിട്ടു. കൊവിഡ് പ്രതിരോധത്തിനായി മറ്റ് രാജ്യങ്ങളിലേക്കും അവിടങ്ങളിലെ ടാര്‍ഗെറ്റ് ഗ്രൂപ്പുകള്‍ക്കുമായി തമൂഹ് വാക്‌സിനുകള്‍ നല്‍കും. ഓരോ രാജ്യങ്ങളിലെയും അധികൃതരുമായി സഹകരിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റാണ് വാക്‌സിന്‍ അത്യാവശ്യമായ രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്. ഓരോ രാജ്യത്തിന്റെയും ആവശ്യം അനുസരിച്ചാണ് വാക്‌സിന്‍ ലഭ്യമാക്കുക. ഹയാത്ത് വാക്‌സിന്‍ എന്ന പേരില്‍ സിനോഫാം വാക്‌സിന്‍ യുഎഇയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച് തുടങ്ങിയിരുന്നു. 800 കോടി വാക്‌സിന്‍ ശേഖരിച്ച് മൈനസ് 80 ഡിഗ്രി താപനിലയില്‍ സൂക്ഷിച്ച് വെക്കാനുള്ള ശീതീകരണ സംവിധാനങ്ങളും യുഎഇയിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona