2021 ജനുവരി 16ന് എടുത്ത ടിക്കറ്റിന്റെ പേരിലാണ് എയര്‍ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വന്നതെന്ന് അഡ്വ. ഡെന്നിസ് മാത്യു 'ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്' പറഞ്ഞു.

ലണ്ടന്‍: റദ്ദാക്കിയ ടിക്കറ്റിന്റെ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് മലയാളി നല്‍കിയ പരാതിയില്‍ എയര്‍ ഇന്ത്യക്കെതിരെ യു.കെ കോടതിയുടെ വിധി. മലയാളിയായ അഡ്വ. ഡെന്നിസ് മാത്യു നല്‍കിയ കേസിലാണ് തുക ഈടാക്കാനായി യു.കെയിലെ മണി ക്ലെയിം കോടതി ഉത്തരവിട്ടിരിക്കുന്നത്. വിധി നടപ്പാക്കാനായി എയര്‍ ഇന്ത്യയുടെ ലണ്ടന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബ്രെന്റ്‍വുഡിലെ കൗണ്ടി കോടതിയിലേക്ക് കേസ് കൈമാറിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ കോടതി വിധി വന്നതിന് ശേഷം നിയമനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും പണം നല്‍കാമെന്നും പറഞ്ഞ് എയര്‍ ഇന്ത്യ അധികൃതര്‍ തന്നെ ബന്ധപ്പെട്ടതായും ഡെന്നിസ് മാത്യു പറഞ്ഞു.

2021 ജനുവരി 16ന് എടുത്ത ടിക്കറ്റിന്റെ പേരിലാണ് എയര്‍ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വന്നതെന്ന് അഡ്വ. ഡെന്നിസ് മാത്യു 'ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്' പ്രതികരിച്ചു. ടിക്കറ്റ് എടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ടിക്കറ്റ് റദ്ദാക്കേണ്ടിവന്നു. ഇതിനായി എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയര്‍ ഓഫീസുമായി ബന്ധപ്പെട്ടു. ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ടെന്നും മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നുമാണ് ജീവനക്കാര്‍ അറിയിച്ചതെന്ന് അദ്ദേഹം പറയുന്നു. ടിക്കറ്റ് റദ്ദാക്കിയതിന് ഒരു റഫറന്‍സ് നമ്പറും നല്‍കി. എന്നാല്‍ ഈ റഫറന്‍സ് നമ്പറിന് ഒരു ടെലിഫോണ്‍ നമ്പറുമായി സാമ്യമുള്ളത് പോലെ തോന്നിയതിനാല്‍ അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ടിക്കറ്റ് റദ്ദാക്കപ്പെട്ടോ എന്നുള്ള സംശയം കാരണം പിറ്റേ ദിവസം വീണ്ടും എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറില്‍ വിളിച്ചു. കഴിഞ്ഞ ദിവസം നല്‍കിയ റഫറന്‍സ് നമ്പര്‍ ശരിയല്ലെന്നും ടിക്കറ്റ് റദ്ദാക്കാമെന്നുമാണ് രണ്ടാം ദിവസം ഫോണെടുത്ത ജീവനക്കാരി പറഞ്ഞത്. രണ്ടാഴ്‍ചയ്‍ക്കകം പണം തിരികെ ലഭിക്കുമെന്നും ഇവര്‍ അറിയിച്ചു. പിന്നീട് മാസങ്ങളോളം എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടെങ്കിലും പണം തിരികെ ലഭിച്ചില്ലെന്ന് ഡെന്നിസ് ആരോപിക്കുന്നു.

പലതവണ ബന്ധപ്പെട്ടിട്ടും പരിഹാരമാവാത്തതിനെ തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ അതോരിറ്റിക്കും യൂറോപ്യന്‍ കണ്‍സ്യൂമര്‍ റൈറ്റിനും പരാതി നല്‍കിയെങ്കിലും ഒന്നും ചെയ്യാനാവില്ലെന്നാണ് മറുപടി ലഭിച്ചത്. പരാതി പരിഹാരത്തിനായുള്ള മറ്റ് ചില അന്താരാഷ്‍ട്ര അതോരിറ്റികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എയര്‍ഇന്ത്യക്ക് അവരുമായൊന്നും ബന്ധമില്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്നാണ് മറുപടി ലഭിച്ചത്. എയര്‍ ഇന്ത്യയുടെ വെബ്‍സൈറ്റ് വഴിയും മറ്റ് സംവിധാനങ്ങളിലൂടെയും ഇ-മെയില്‍ വഴിയുമൊക്കെ പരാതി നല്‍കിയെങ്കിലും മറുപടി പോലും ലഭിക്കാതായതോടെ നിയമ നടപടികളിലേക്ക് തിരിയുകയായിരുന്നു.

ഉപഭോക്തൃ കേസുകള്‍ കൈകാര്യം ചെയ്യുന്ന ബ്രിട്ടനിലെ മണിക്ലൈം കോര്‍ട്ടിലാണ് ആദ്യം കേസ് കൊടുത്തത്. ഒന്നര മാസത്തിനുള്ളില്‍ ഡെന്നിസിന് അനുകൂലമായ വിധി ലഭിച്ചു. ഈ വിധി നടപ്പാക്കാനായി അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഇതിനായി ബ്രെന്‍വുഡ് കൗണ്ടി കോടതിയിലേക്ക് അയക്കുകയും ചെയ്‍തു. എയര്‍ ഇന്ത്യയില്‍ നിന്ന് പണം ഈടാക്കാനുള്ള ഉത്തരവ് വന്നതിന് ശേഷം എയര്‍ ഇന്ത്യ അധികൃതര്‍ തന്നെ ബന്ധപ്പെടായി ഡെന്നിസ് പറഞ്ഞു. മുഴുവന്‍ പണവും നല്‍കാമെന്നും നിയമനടപടികള്‍ നിര്‍ത്തിവെയ്‍ക്കണമെന്നുമാണ് ഇപ്പോള്‍ അധികൃതരുടെ ആവശ്യം.