വിജയകരമായ ഹജ്ജ് സീസണിന് ശേഷം പുതിയ ഉംറ കാലത്തിന് തുടക്കമായി. ഹജ്ജ്-ഉംറ മന്ത്രാലയം ഉംറ വിസ വിതരണം പുനരാരംഭിക്കുകയും തീർത്ഥാടകർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. തീർത്ഥാടനത്തിനുള്ള പുതിയ സമയക്രമവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
റിയാദ്: ഈ വർഷത്തെ വിജയകരമായ ഹജ്ജ് സീസണിന് തൊട്ടുപിന്നാലെ പുതിയ ഉംറ കാലത്തിന് തുടക്കമായി. ഉംറ വിസ വിതരണം പുനരാരംഭിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച (ജൂൺ ഒന്ന്) മുതൽ തീർഥാടകർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിച്ചു തുടങ്ങും.
ഇതോടൊപ്പം ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘നുസ്ക്’ വഴിയുള്ള ഉംറ പെർമിറ്റുകളുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ ഉംറ നിർവഹിക്കാനായി രാജ്യത്തെത്തുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. തീർഥാടകർക്ക് ആവശ്യമായ യാത്രാ പദ്ധതികളും താമസസൗകര്യങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ സീസണിന്‍റെ കലണ്ടർ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്.
ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തുവിട്ട പ്രധാന സമയക്രമങ്ങൾ
വിസ അനുവദിക്കുന്ന അവസാന തീയതി: 2027 മാർച്ച് ഒമ്പത് വരെ ഈ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിക്കും.
രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി: വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 23 ആണ്.
തിരിച്ചുപോകേണ്ട അവസാന തീയതി: ഉംറ നിർവഹിച്ച ശേഷം തീർഥാടകർക്ക് സൗദി അറേബ്യയിൽ നിന്നും മടങ്ങാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത് 2027 ഏപ്രിൽ ഏഴ് ആണ്.
കഴിഞ്ഞ റമദാൻ മാസത്തിൽ തന്നെ ഉംറ കമ്പനികളും വിദേശ ഏജന്റുമാരും തമ്മിലുള്ള പ്രാരംഭ കരാറുകൾ ഒപ്പിടുന്നതിനുള്ള അപ്പോയിന്റ്മെന്റുകൾ ലഭ്യമാക്കിക്കൊണ്ട് മന്ത്രാലയം ഈ കലണ്ടറിന് ഔദ്യോഗിക രൂപം നൽകിയിരുന്നു. തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായ ഉംറ നിർവഹണം ഉറപ്പാക്കാനായി വിപുലമായ സജ്ജീകരണങ്ങളാണ് ഇരുഹറമുകളിലും ഒരുക്കിയിട്ടുള്ളത്.


