ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ പുതിയ 'ഡ്രൈവ് ത്രൂ' ഷോപ്പിങ് സംവിധാനം ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ കാറുകളില്‍ നിന്ന് പുറത്തിറങ്ങാതെ ഷോപ്പ് ചെയ്യാവുന്ന ഈ സംവിധാനം മിര്‍ദിഫിലെ ഇത്തിഹാദ് മാളിലുള്ള യൂണിയന്‍ കോപിന്റെ ശാഖയിലാണ് ഇപ്പോഴുള്ളത്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം.

ലോകത്ത് എല്ലായിടത്തും വിശേഷിച്ച് ചില്ലറ വ്യാപാര മേഖലയിലും ദൃശ്യമാവുന്ന പുതിയ പ്രവണതകള്‍ കണക്കിലെടുത്താണ് പുതിയ സംവിധാനം ആവിഷ്കരിക്കുന്നതെന്ന് യൂണിയന്‍കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. യൂണിയന്‍കോപ് ഉപഭോക്താക്കള്‍ക്കും പൊതുസമൂഹത്തിനും കൂടതല്‍ ഷോപ്പിങ് സാധ്യതകള്‍ തുറക്കുകയാണ്. ഷോറൂമുകളിലെ പരമ്പരാഗത ഷോപ്പിങ് രീതിയ്ക്ക് പുറമെ ഷോപ്പര്‍ വാലറ്റ് സര്‍വീസ്, ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിവയും ഇപ്പോള്‍ വാഹനത്തിലിരുന്ന് കൊണ്ടുള്ള പുതിയ ഷോപ്പിങ് സംവിധാനവും മിര്‍ദിഫില്‍ ആരംഭിച്ചു. അവശ്യ സാധനങ്ങളുടെ പട്ടികയില്‍ വരുന്ന 130ല്‍ അധികം ഭക്ഷ്യ, ഭക്ഷ്യേതര ഉത്പ്പന്നങ്ങളാണ് പുതിയ സേവനത്തിലൂടെ ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവ് ത്രൂ ഷോപ്പിങ് സംവിധാനത്തിന്റെ പ്രവര്‍ത്തന രീതിയും അദ്ദേഹം വിശദീകരിച്ചു. സ്വകാര്യ വാഹനത്തില്‍ ഇത്തിഹാദ് മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യക സ്ഥലത്തേക്ക് എത്തുകയാണ് ഉപഭോക്താക്കള്‍ വേണ്ടത്. ഇവിടെയുള്ള ജീവനക്കാര്‍ ആവശ്യമായ സാധനങ്ങള്‍ വാഹനത്തിലെത്തിക്കും. പുറത്തിറങ്ങേണ്ടുന്ന ആവശ്യമേ വരുന്നില്ല. സാധനങ്ങള്‍ ലഭിച്ച ശേഷം പണമായോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ അല്‍ അഫ്ദല്‍ കാര്‍ഡ് വഴിയോ പണം നല്‍കാം. തമായാസ് കാര്‍ഡിലേക്ക് പോയിന്റുകള്‍ ചേര്‍ക്കുകയോ നിലവിലുള്ള ലോയല്‍റ്റി പോയിന്റുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ഓഹരി ഉടമകളുടെ പ്രത്യേക നമ്പര്‍ ഉപയോഗിക്കുകയും ചെയ്യാം. മിര്‍ദിഫ് ബ്രാഞ്ചിന്റെ സാധാരണ പ്രവൃത്തിസമയം തന്നെയാണ് ഡ്രൈവ് ത്രൂ സേവനത്തിനും ബാധകം.