കുവൈത്തിലെ അൽ-സൽഹിയയിൽ ലൈസൻസില്ലാതെ ഒരു ഗോഡൗണിൽ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്‍റ് അധികൃതർ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുകയും ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമിക്കുകയും ചെയ്ത രണ്ട് ബംഗ്ലാദേശ് സ്വദേശികളെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ റെസ്റ്റോറന്‍റ് പ്രവർത്തിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ അധികൃതർ നടത്തുന്ന കർശന പരിശോധനകളുടെ ഭാഗമായി അൽ-സൽഹിയ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്‍റ് കണ്ടെത്തി. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഭക്ഷ്യവസ്തുക്കളുമായി രണ്ട് ബംഗ്ലാദേശ് സ്വദേശികളെ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അൽ-സൽഹിയ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തിയ സാധാരണ സുരക്ഷാ പട്രോളിംഗിനിടയിലാണ് ഈ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടത്. ഒരു വാണിജ്യ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്നും ഭക്ഷ്യ ഉൽപന്നങ്ങളുമായി രണ്ട് ബംഗ്ലാദേശികൾ പുറത്തേക്ക് വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് ഇതൊരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, ഇവിടെ വെച്ചാണ് ഭക്ഷണസാധനങ്ങൾ തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതെന്നും ഇവർ സമ്മതിച്ചത്.

തുടർന്ന് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആവശ്യമായ യാതൊരുവിധ ഔദ്യോഗിക ലൈസൻസുകളും ഇല്ലാതെയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കൂടാതെ, നിർമ്മാണ തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ രേഖപ്പെടുത്താത്ത നിരവധി ഭക്ഷ്യവസ്തുക്കൾ ഇവിടെ നിന്നും കണ്ടെടുത്തു. അടിസ്ഥാനപരമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെ തികച്ചും അശുചിത്വമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം കൈകാര്യം ചെയ്തിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. പിടിയിലായവർക്കെതിരെയും സ്ഥാപന ഉടമയ്ക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.