മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുകയാണ്

തിരുവനന്തപുരം: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതു സംബന്ധിച്ച് വിഡി സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളികളുൾപ്പടെ നിരവധി പ്രവാസികളാണ് ഖത്തറിലും മറ്റ് ​ഗൾഫ് രാജ്യങ്ങളിലുമായി താമസിക്കുന്നത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുകയാണ്.

ഇന്നലെയാണ് ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ഇതോടെ ഖത്തറിലുള്ള ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് ​ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. നിലവിലെ സംഘർഷാവസ്ഥയിൽ ഇവരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുകയാണ്. കുടുംബാം​ഗങ്ങളെന്നപോലെ കേരളത്തിലുള്ളവരെല്ലാം ആശങ്കയിലാണ്. ഉയർന്നുവരുന്ന പ്രതിസന്ധിയും സ്ഥിതി കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയും കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തിന്റെ ഉള്ളടക്കം.