മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ് ആരംഭിച്ച് കുവൈത്ത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഒന്നിലധികം യാത്രകൾക്ക് ബാധകമായ എക്സിറ്റ് പെർമിറ്റ് അനുവദിക്കാനാകുമെന്നതാണ് പ്രത്യേകത. 

കുവൈത്ത് സിറ്റി: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും സമയം ലാഭിക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുതിയ 'മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ്' സേവനം ആരംഭിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

നിശ്ചിത സമയപരിധിക്കുള്ളിൽ ഒന്നിലധികം യാത്രകൾക്ക് ബാധകമായ എക്സിറ്റ് പെർമിറ്റ് അനുവദിക്കാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത. ഇതിലൂടെ ഓരോ യാത്രയ്ക്കും വീണ്ടും അപേക്ഷിക്കേണ്ടതില്ല; നടപടിക്രമങ്ങൾ വേഗത്തിലാകും. ഈ സേവനം ആഭ്യന്തര മന്ത്രാലയത്തിന്‍റെ സിസ്റ്റങ്ങളുമായി ഇലക്ട്രോണിക്കായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പെർമിറ്റ് അംഗീകരിച്ച ഉടൻ വിവരങ്ങൾ സ്വയം കൈമാറപ്പെടും. അംഗീകരിച്ച എക്സിറ്റ് പെർമിറ്റ് ഏതുസമയത്തും പ്രിന്‍റ് ചെയ്യാനും കഴിയും.

'അഷൽ' (Ashal) പോർട്ടൽ (കമ്പനികൾ/മാൻപവർ) അല്ലെങ്കിൽ സഹേൽ (Sahel) ആപ്പ് (ബിസിനസ്/വ്യക്തികൾ) വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് സിംഗിൾ-ട്രിപ്പ് അല്ലെങ്കിൽ മൾട്ടിപ്പിൾ-ട്രിപ്പ് പെർമിറ്റ് തിരഞ്ഞെടുക്കാനും ആരംഭ-അവസാന തീയതികൾ നൽകി കാലാവധി നിശ്ചയിക്കാനും സാധിക്കും. അപേക്ഷ നൽകിയതോടെ ട്രാൻസാക്ഷൻ നമ്പറും സ്റ്റാറ്റസും തൽക്ഷണം ലഭിക്കും. അധികൃതർ ഒപ്പുവയ്ക്കുന്നവർക്ക് തൊഴിലാളികളുടെ എക്സിറ്റ് പെർമിറ്റുകൾക്ക് മുൻകൂർ, ഓട്ടോമാറ്റിക് അനുമതി നൽകാനുള്ള സൗകര്യവും സംവിധാനത്തിലുണ്ട്. ഇതോടെ ഓരോ അപേക്ഷയും വേർതിരിച്ച് പരിശോധിക്കേണ്ടതില്ല. തൊഴിലുടമകൾക്ക് ഭരണഭാരം കുറയും.