രസകരമായ ഈ വീഡിയോ യുവതി പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ്.
എന്തിനും ഏതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ ആശ്രയിക്കുന്ന യുവത്വമാണ് ഇപ്പോഴത്തേത്. ഇ മെയിലുകള്‍ എഴുതാന്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നതിന് വരെ ആളുകള്‍ എഐയെ ആശ്രയിക്കുന്നു. ചാറ്റ് ജിപിറ്റിയുടെ സഹായത്തോടെ ഇ മെയിലുകളും കത്തുകളും എഴുന്നത് പതിവാണ് എന്നാല്‍ സോഷ്യൽ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ചാറ്റ്ജിപിടി ഉപയോഗിച്ചുള്ള ഒരു 'തണ്ണിമത്തന്‍ പര്‍ച്ചേസ്' ആണ്. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ തണ്ണിമത്തന്‍ വാങ്ങല്‍. ഒരു അറബ് യുവതിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രസകരമായ ഈ വീഡിയോ പങ്കുവെച്ചത്. ചന്തയിലെത്തിയ യുവതി തണ്ണിമത്തന്‍ വാങ്ങാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കടയില്‍ നിരത്തി വെച്ചിരിക്കുന്ന പലതരം തണ്ണിമത്തനുകള്‍ കണ്ട് യുവതി ആകെ ആശയക്കുഴപ്പത്തിലാകുന്നു. ഇതില്‍ ഏത് തണ്ണിമത്തനാണ് പാകം ആയത്, ഏതാണ് കൂടുതല്‍ നല്ലത്? കൺഫ്യൂഷനായതോടെ യുവതി പിന്നെ മറ്റൊന്നും ചിന്തിച്ചില്ല ഉടനടി ഫോണെടുത്ത് ചാറ്റ്ജിപിടിയോട് ചോദിച്ചു. നിരത്തിവെച്ച തണ്ണിമത്തനുകളുടെ ഫോട്ടോ അപ്ലോഡ് ചെയ്താണ് യുവതി തന്‍റെ സംശയം ചോദിച്ചത്- ഇതില്‍ ഏതാണ് ശരിയായി പാകമായ, ഏറ്റവും നല്ല തണ്ണിമത്തൻ?
പെട്ടെന്ന് തന്നെ ചാറ്റ്ജിപിടി മറുപടിയും നല്‍കി. മറുപടി വലിയൊരു വിശദീകരണം കൂടിയാണ്. കളര്‍ ഗ്രേഡിയന്‍റ്, സര്‍ഫസ് പാറ്റേൺ, ഫോട്ടോയിലെ തണ്ണിമത്തന്‍റെ സ്ഥാനം എന്നിവ വിലയിരുത്തി ചാറ്റ്ജിപിടി ഉത്തരം നല്‍കി. ചാറ്റ്ജിപിടിയെ വിശ്വസിച്ച യുവതിയാകട്ടെ എഐ പറഞ്ഞ തണ്ണിമത്തന്‍ തന്നെ വാങ്ങുകയും ചെയ്തു. ദിവസേനയുള്ള കാര്യങ്ങളില്‍ എഐയെ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്നാണ് യുവതിയുടെ വീഡിയോയില്‍ നിന്ന് മനസ്സിലാക്കേണ്ടതെന്നാണ് സോഷ്യൽ മീഡിയയില്‍ പലരും പറയുന്നത്. എന്ത് തന്നെയായാലും ദശലക്ഷണക്കണക്കിന് പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു.



